വില്ലാപാർക്കിലെ പ്രേതം
തുടർക്കഥ
അജി ചൂരക്കാട് (പോളണ്ട്)

പോളണ്ടിനെപ്പറ്റി ഈ അവസരത്തിൽ എന്തെങ്കിലും പറയുന്നത്, വരഞ്ഞുവെച്ച മുറിവിൽ മുളക് അരച്ചു തേക്കുന്നത് പോലെ അസുഖകരമായ ഒരു ഏർപ്പാട് ആകും എന്നതുകൊണ്ട് , നമുക്ക് പോളണ്ടിനെപ്പറ്റി ഒരക്ഷരം പോലും പറയാതെ , ആ പറഞ്ഞ രാജ്യത്തിൻറെ ചില ഭാഗങ്ങളും , ചെക്ക് റിപ്പബ്ലിക്കിൻറെയും ജർമ്മനിയുടെയും ചെറിയ ചില ഭാഗങ്ങളും കൂടി ച്ചേർന്ന മധ്യ യൂറോപ്പിലെ ചരിത്ര പ്രസിദ്ധമായ സിലേഷ്യയെപ്പറ്റിയും ,അതിലെ ഒരു കൗണ്ടിയുടെ തലസ്ഥാനമായി പടിഞ്ഞാറ് ബോബർ നദിക്കരയിൽ രൂപപ്പെട്ട ചെറു പട്ടണമായ സഗാനിലെ വില്ലാ പാർക്കിലെ പ്രസിദ്ധങ്ങളായ പ്രേതങ്ങളെപ്പറ്റിയും സംസാരിക്കാം. പ്രേതങ്ങൾ എന്നുപറഞ്ഞാൽ ,ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെപ്പോലെ സങ്കൽപ്പത്തിൽ മിനഞ്ഞെടുത്ത വെറും സാധാരണ പ്രേതങ്ങൾ അല്ല. നമ്മുടെ വില്ലാ പാർക്കിലെ പ്രേതങ്ങൾക്ക് ചരിത്രത്തിൻറെ പിൻബലമുണ്ട് ,അനുഭവ സാക്ഷ്യങ്ങളുടെ വിശ്വസ്തതയുമുണ്ട്. അതുകൊണ്ട് അൽപ്പം ചരിത്രം കൂടി പറയാതെ നമ്മുടെ പ്രേതങ്ങളിലേക്ക് എത്തിച്ചേരാനാവില്ല.
1248 നും 1260 നും ഇടയിൽ കൽക്കരി ഖനനത്തിലൂടെ സമ്പന്നതയിലേക്കുയർന്ന സഗാൻ നഗരം പടിഞ്ഞാറ് നിന്ന് ജർമ്മൻ കുടിയേറ്റക്കാരെ തന്നിലേക്ക് ആകർഷിച്ചു. 1742-ലെ ഒന്നാം സിലേഷ്യൻ യുദ്ധത്തിനുശേഷം പ്രഷ്യയുടെയും , 1871 ന് ശേഷം ജർമ്മനിയുടെയും ഭാഗമായിത്തീരുന്ന സഗാൻ, രണ്ടാം ലോകമഹായുദ്ധത്തിൻറെ അന്ത്യത്തിൽ 1945 ഫെബ്രുവരിയിൽ , ദിവസങ്ങൾ നീണ്ട അതി കഠിനമായ പോരാട്ടത്തിനൊടുവിൽ സോവിയറ്റ് സൈന്യത്തിന് മുൻപിൽ കീഴടങ്ങി.നമ്മുടെ വില്ലാപാർക്കിന്റെയും , പ്രേതങ്ങളുടേയും ചരിത്രം ആരംഭിക്കുന്നത് ആ ജർമൻ അധിനിവേശ കാലത്തുനിന്നുമാണ്.1800 നും 1920 നുമിടയിലായി നിർമ്മിക്കപ്പെട്ടിരിക്കുന്ന പൗരാണികമായ, അനവധി ചരിത്രങ്ങൾ ഉറങ്ങുന്ന ഈ വലിയകെട്ടിടവും അതിനു ചുറ്റുമുള്ള അനുബന്ധ കെട്ടിടങ്ങളും പണ്ട് സഗാൻ മുൻസിപ്പൽ ഹോസ്പിറ്റൽ ആയും ,യുദ്ധാനന്തരം സോവിയറ്റ് അധിനിവേശ കാലത്ത്, യുദ്ധാനന്തര മനസ്സീക സമ്മർദ്ദങ്ങൾക്ക് അടിപ്പെട്ടവർക്കുള്ള ഒരു മനസ്സീക രോഗ ആശുപത്രി ആയും പരിവർത്തനം ചെയ്യപ്പെടുന്നു . ഇന്ന് വിദേശികൾക്കും ,സ്വദേശികൾക്കും വിരുന്നൊരുക്കുന്ന ഒരു ത്രീ സ്റ്റാർ ഹോട്ടലായി രൂപാന്തരം ചെയ്തിരിക്കുന്ന ഈ ഈ കെട്ടിട സമുച്ചയത്തിന് മിഴിവേകി രണ്ടാം ലോക മഹായുദ്ധ സമയത്ത് നിർമ്മിച്ച ഒരു ഭൂഗർഭ ബോംബ് ഷെൽട്ടറും അതിനു മുകളിലായി ഇപ്പോൾ നിർമിച്ചിട്ടുള്ള പാർട്ടി ഏരിയയും യുദ്ധകാല സംഘർഷങ്ങളേയും ,യുദ്ധാനന്തര കാലത്തിൻറെ ആഘോഷങ്ങളേയും ഒരേ ക്യാൻവാസിൽ ഒരു ചിത്രകാരൻ്റെ കരവിരുതോടെ പ്രതീകാത്മകമായി വരച്ചു ചേർത്തിരിക്കുന്നു .
2023 ഏപ്രിൽ മാസം Wroclaw യിൽ നിന്നും ചരിത്ര നഗരമായ സഗാനിലേക്കുള്ള എൻ്റെ റോഡ് യാത്ര ഹൈവേകൾ പിന്നിട്ട്, പണ്ട് കുതിര വണ്ടികൾക്കു സഞ്ചരിക്കാൻ പാകത്തിന് കോബ് സ്റ്റോൺ പാകി വെടിപ്പാക്കിയ പാതയിലൂടെ ഒരു ടൈം മെഷീനിൽ എന്നപോലെ എന്നെ ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി. പാതക്ക് ഇരുവശവും നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിട സഞ്ചയങ്ങൾ. പഴമയുടെ പുറംമോടിക്ക് മാറ്റം വരുത്താതെ അവയെ നിലനിർത്തുവാൻ തങ്ങളുടെ പാരമ്പര്യത്തിൽ അഭിമാനിക്കുന്ന ഒരു ജനതയും അവരെ നയിക്കുന്ന ഗവൺമെന്റും .എനിക്ക് താമസം ഉറപ്പിച്ചിരുന്നത് നമ്മൾ മുൻപ് പ്രതിപാദിച്ച വില്ലാ പാർക്ക് ഹോട്ടലിൽ ആയിരുന്നു. മുറിക്കും, ചുവരിനും ,ഫർണിച്ചറുകൾക്കും പഴമയുടെ മണം .കോറിഡോറിൻറെ ഇരുവശങ്ങളിലും ഉള്ള ഭിത്തികളിൽ സ്ഥാപിച്ചിരിക്കുന്ന കരയുന്ന കുട്ടികളുടെ ചിത്രങ്ങൾ എന്നെ തെല്ലൊന്ന് അത്ഭുദപ്പെടുത്തി.നീണ്ട യാത്രയുടെ ആലസ്യവും ,നേരിയ തണുപ്പും എന്നെ പെട്ടന്നുതന്നെ ഉറക്കത്തിലേക്ക് നയിച്ചു. ഔദ്യോഗീക കാരണങ്ങൾക്കായി പിറ്റേദിവസം തന്നെ എനിക്ക് പോസ്‌നാന് തിരിക്കേണ്ടിവന്നു. അവിടെ നിന്നാണ് വില്ലാപാർക്കിലെ പ്രേതങ്ങളെപ്പറ്റി ഞാൻ ആദ്യമായി കേൾക്കുന്നത്. മറ്റ് ഓപ്ഷനുകൾ ഒന്നുമില്ലാത്തത് കൊണ്ടാണ് വില്ലാപാർക്കിൽ റൂം ബുക്ക് ചെയേണ്ടിവന്നത് എന്ന് അരിയേറ്റ കുറ്റബോധത്തോടെ പറയുമ്പോൾ, വില്ലാ പാർക്കിലെ അസ്വകാര്യങ്ങളെക്കുറിച്ചാവും ഉദ്ദേശിച്ചതെന്നേ ഞാൻ കരുതിയുള്ളൂ.പിന്നീട് അലനും ,ഡീജാനും, ജീനിയും ഒക്കെ പറഞ്ഞ അനുഭവ കഥകളിലൂടെ വില്ലാപാർക്കിലെ പ്രേതം എൻ്റെ കണ്മുൻപിൽ തെളിഞ്ഞു വന്നു.പാതിരാത്രിയിൽ താനെ തുറക്കുന്ന ഷവറും ,ബെഡ് കവറിൽ പെട്ടന്ന് പ്രത്യക്ഷപ്പെടുന്ന രക്തത്തുള്ളികളും ,പൊട്ടിക്കരയുന്ന പെൺകുട്ടിയും,വാതിലിൽ മുട്ടി അകന്നുപോകുന്ന കാലടി ശബ്ദവും ഒക്കെ പലരുടേയും അനുഭവത്തിലൂടെ കേട്ടു.രാത്രിയുടെ ഏതോയമത്തിൽ റൂമിൽ പൊട്ടിക്കരഞ്ഞു കൊണ്ടിരിക്കുന്ന പെൺ കുട്ടിയെ ക്കണ്ടു പലരുംഞെട്ടി നിലവിളിച്ചു. കമ്പനി പേ ചെയ്യുന്ന വില്ലാപാർക്കിലെ റൂം വേണ്ടാന്ന് വെച്ച് പലരും സ്വന്തം പൈസക്ക് റൂം എടുത്തു താമസം മാറി.
രണ്ടു മാസങ്ങൾക്കു ശേഷം തിരികെ സഗാനിൽ എത്തുമ്പോൾ 228) o നമ്പർ റൂം എന്നെയും കാത്ത് വില്ലാപാർക്കിൽ ഒഴിഞ്ഞു കിടന്നിരുന്നു.സഗാനിലെ അനുഭവസ്ഥരിൽ പലരും എനിക്ക് എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടായോ എന്ന് മിക്ക ദിവസങ്ങളിലും ചോദിച്ചു പോന്നു.അവരിൽ ചിലരോട് തമാശയായി ഇതുവരെ ആരും വന്നില്ല ,അഥവാ വരുന്നെങ്കിൽ കാണാൻ ഭംഗിയുള്ള ഒരു വനിതാ പ്രേതം തന്നെ ആയിക്കോട്ടേ എന്ന് തമാശയായി മറുപടി പറഞ്ഞു. അൽപ്പം യുക്തിവാദി ആയ എൻറെ യുക്തിബോധത്തിന് കോട്ടം തട്ടിക്കേണ്ട എന്നുകരുതി വില്ലാപാർക്കിലെ പ്രേതങ്ങൾ എന്നെ വെറുതെ വിട്ടു കാണും എന്ന് കരുതി ആശ്വസിച്ചിരിക്കെ. ജൂലൈ മാസത്തിലെ നിലാവുള്ള ഒരു രാത്രി ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന ഞാൻ റൂമിൽ ആരുടെയോ സാമിപ്യം അറിഞ്ഞു.മുറിയിൽ ഞാൻ അല്ലാതെ മറ്റാരോ ഉണ്ട്.ഉള്ളിലെ യുക്തിവാദി എങ്ങോട്ടോ ഓടി ഒളിച്ചു .യാഷികഥകളിൽ വായിച്ചിട്ടുള്ളതുപോലെ പാല പൂത്ത മണം വരുന്നുണ്ടോ എന്ന് മൂക്കു വിടർത്തി നോക്കി. പിന്നീടാണ് യൂറോപ്പിൽ പാല കാണില്ലല്ലോ എന്ന് ഓർമ്മിച്ചത്.തിരിഞ്ഞ് ബെഡ് ലാംപ് ഓണാക്കാൻ ശ്രെമിച്ചു .ലാംപ് ഓണാകുന്നില്ല.കാർട്ടനിടയിലൂടെ അരിച്ചു വീഴുന്ന പുറത്തെ നിലവുമായി കണ്ണ് പരുവപ്പെട്ടപ്പോൾ സുന്ദരിയായ ഒരു പെൺകുട്ടി അതാ എന്നെയും നോക്കി അടുത്തുള്ള സോഫയിൽ ചാരി ഇരിക്കുന്നു……
(തുടരും ….)