സ്നേഹമുള്ള ഹിമാർ (കഥ)
മനോജ് കുമാർ കാപ്പാട് – കുവൈറ്റ്

ബഷീർക്ക ഒരു സംഭവം ആണ്.അതിപ്പോ ഗൾഫിൽ ആയാലും നാട്ടിൽ ആയാലും .നാട്ടിൽ മൂപ്പർ കടന്നു പോയാൽ ഒരു മണമുണ്ട് മോനെ . പിന്നെ ചുറ്റിലുള്ളതൊന്നും കാണൂല .ഞങ്ങളുടെ ഓണം കേറാമൂലയിൽ , ഗൾഫുകാർ കുറവാണ്. അത് കൊണ്ട് തന്നെ ബഷീർക്കയായിരുന്നു നാട്ടിൽ വന്നാൽ ഗൾഫ് വാർത്തകൾ വായിച്ചിരുന്നത് .
ഗൾഫിലെ മൂപ്പരുടെ വീര കഥ വിളംബുബോൾ ഞങ്ങളുടെ ശ്രദ്ധയൊന്ന് തെറ്റിയാൽ പുള്ളിക്ക് ഒരു വിളിയുണ്ട്.
” ഇന്ത ഹിമാർ ” .
ഹിമാർ തെറിയാണെന്നറിയാഞ്ഞിട്ടല്ല. കക്ഷി ഒരു വിസ ഒപ്പിക്കാമെന്ന് പറഞ്ഞിട്ടുണ്ട് . അത് കൊണ്ടാണ് പുള്ളിയുടെ പുളിക്കുന്ന ലാത്തി മുഴുവൻ വിഴുങ്ങുന്നത് .ഗൾഫിലെ ഏതോ മുന്തിയ ഹോട്ടലിലാണ് ബഷീർക്കായുടെ ജോലി. അങ്ങേരാണ് അവിടത്തെ ഇൻചാർജ്ജ് . അതോണ്ട് ബഷീകർക്കാന്റെ മേലെ കുതിര കയറാൻ ആരും മെനക്കെടൂല്ല. സ്വപ്ന ഗോപുരത്തിലേക്കുള്ള വിസയാണ് ഞാനും സ്വപ്നം കാണുന്നത് . ഈ കുതിരയെ കൊണ്ട് അവിടത്തെ കുതിര കയറൽ ഒഴിവാക്കാൻ ആണ് നമ്മുടെ സോപ്പിടൽ !!
കെട്ടിക്കാൻ പാകത്തിന് വരിയൊത്ത് നിൽക്കുന്ന പെങ്ങന്മാരും , അടച്ചുറപ്പില്ലാത്ത വീടും ഗൾഫിലെ ജോലി നേടാനുള്ള സാഹസത്തിന് ആക്കം കൂട്ടിയ നാളുകൾ. കാത്തിരിപ്പ് അനന്തമായ നീണ്ടു പോയി!. ഒടുക്കം ഒന്ന് മനസിലായി, ബഷീർക്ക വിസയെടുത്തിട്ട് ഞാൻ അവിടെ കാലുകുത്തില്ല . പിന്നീട് ഒന്നും ആലോചിച്ചില്ല. ഉള്ള മണ്ണ് പണയം വെച്ച്, എണ്ണ വിളയുന്ന നാട്ടിലേക്കു കയറി.
പൊള്ളുന്ന മണ്ണിൽ കാലുകുത്തിയപ്പോളാണ് പലതും പിടികിട്ടിയത് . ഗൾഫു ഒരു വറചട്ടിയാണ്. പ്രവാസികൾ അതിൽ വേവുന്ന പോത്തിറച്ചിയും . കഴിക്കുന്ന നാട്ടുകാർക്കറിയില്ല വേവുന്ന പോത്തിന്റെ വേദന !!!!!.
അന്ന് തന്നെ ബഷീർക്കായെ വിളിച്ചു . എന്റെ ശബ്ദം കേട്ടതും മൂപ്പർ പഴയ പാട്ടു തന്നെ വെച്ചു തന്നു .
“എടാ ..ഇവിടെ ഇപ്പൊ വിസ കൊടുക്കുന്നില്ല .
“കൊടുത്ത വിസ അടിക്കുന്നില്ല ,
“അടിച്ച വിസ ഉണങ്ങുന്നില്ല …”
അങ്ങിനെ ..അങ്ങിനെ ….. ” പുള്ളി ശ്വാസം വിടാതെ പഴയ പല്ലവി പാടി.
ശ്വാസത്തിനായി ഒരു ഇടവേള എടുത്ത നിമിഷം ഞാൻ ഇടക്ക് ചാടിക്കയറി
“ഞാൻ ഇവിടുണ്ട് “
മറുതലയ്ക്കൽ കടുത്ത മൗനം .
” ഞാൻ അങ്ങോട്ട് വരണോ .. ഇങ്ങള് ഇങ്ങോട്ടു വരുന്നോ? “
ഒരു നെടുവീർപ്പിനു ശേഷം ബഷീർക്ക പറഞ്ഞു ” വേണ്ട അങ്ങോട്ട് വരാം ..”
അവസാനം ബഷീർക്ക ഞാൻ താമസിക്കുന്ന റൂമിനു താഴെ വന്നു . തീ വെയിലിൽ നടന്നു വന്നതിനാൽ ആവണം ബഷീർക്കാക്ക് അത്തറിൻ മണമില്ലായിരുന്നു. പകരം എണ്ണയും വിയർപ്പും ഇഴപിരിഞ്ഞു മനം പുരട്ടുന്നൊരു ഗന്ധം അയാളെ പുതഞ്ഞു നിന്നു.
വന്നപാടെ പുള്ളി എന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ചു ഒന്ന് ചിരിച്ചു . ആ ചിരി എനിക്ക് വ്യക്തമായി വായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒന്ന് മനസിലായി, എന്നെ പുള്ളി ഇവിടെ ഒട്ടും പ്രതീഷിച്ചിരുന്നില്ല .
മുറിയിലേക്ക് വരാൻ സമയം തികയില്ലെന്ന് പറഞ്ഞു ഒഴിയാൻ ശ്രമിച്ചിട്ടും ഞാൻ വിടാതെ ഒപ്പം കൂടി . ഹോട്ടലിൽ നിന്നും വിട്ടു നിന്നാൽ പണിക്കാർ പണി തരുമെന്നും , വേഗം തിരിച്ചു പോവാണെമന്നും പുള്ളി താണു കേണു പറഞ്ഞു. ഞാനും ഹോട്ടലിലേക്ക് വരാം എന്ന് പറഞ്ഞു ആ കൃത്രിമ തിരക്കിന് തടയിട്ടു .
അതോടെ പുള്ളി വീണ്ടും വിളറി ചിരിച്ചു . ” ഇപ്പൊ വേണ്ട ഞമ്മള് പറയാം “. നാട്ടിലെ കാര്യങ്ങൾ തിരിക്കി അയാൾ വിഷയം മാറ്റി. പെട്ടന്ന് ഒരു ബഡാബന്ദർ കാർ മുന്നിൽ വന്നു സഡൻ ബ്രെക്കിട്ടു നിർത്തി , ആജാനബാഹുവായ അറബി പുറത്തിറങ്ങി. ഞാൻ ആഗതനെ ആശ്ചര്യത്തോടെ നോക്കി നിൽക്കെ ” അയാൾ ബഷീർക്കായെ നോട്ടമിട്ട് അറബിയിൽ ചോദിമെറിഞ്ഞു.
” ‘ അഹമ്മദ് …… വൈൻ മക്ഫർ..? “
അറബി കയ്യും,കാലും തലയും ഇളക്കി വീണ്ടും ചോദ്യമാവർത്തിച്ചു. ബഷീർക്കയുടെ നിൽപ്പും മട്ടും കണ്ടിട്ട് പുള്ളിക്കും ചോദ്യം മനസിലായ മട്ടില്ല . സംഗതി പിടുത്തം കിട്ടാത്തത് കൊണ്ടാവാം ബഷീർക്ക അതൊന്നും എന്നോടല്ല എന്ന മട്ടിൽ ഒരു ആക്ടിങ് ഇട്ടത്.
ശെടാ..!!! ബഷീർക്കാക്ക് അറബി മനസിലാവാതിരിക്കാൻ തരമില്ല . അറബി മാത്രമല്ല അറബികളെ വരെ അരച്ചു കലക്കി കുടിച്ചതാണെന്നാണല്ലോ നാട്ടീന്ന് പറഞ്ഞത് . പിന്നെ ഇത് എന്ത് പറ്റി? .
ഞാൻ തല പുകയ്ക്കവേ അറബി വണ്ടിയിൽ നിന്നും ഒരു കൈവിലങ്ങ് പൊക്കി കാണിച്ചു ചോദ്യം ആവർത്തിച്ചു
” വൈൻ മക്ഫർ ..?”
കൈവിലങ്ങു കണ്ടതും ചുവപ്പു കണ്ട കാളയെപ്പോലെ ബഷീർക്കാ തിരിഞ്ഞോടി. അയാൾക്കൊപ്പം കുതിക്കാൻ കാലുകളോട് കെഞ്ചിയിട്ടും അവ വിറപൂണ്ടു നിന്നു. അതോടെ അറബി എനിക്ക് നേരെ തിരിഞ്ഞു. തൊട്ടടുത്ത നിമിഷം കാറിന്റെ മുൻ ഡോർ തുറന്നു ഒരു മധ്യവയസ്ക്കൻ പുറത്തിറങ്ങി. ഒറ്റനോട്ടത്തിൽ തന്നെ അറിയാം അയാൾ എന്നെ നോക്കി മുക്ര ഇടുന്നവന്റെ ഡ്രൈവറാണെന്ന് .
അയാൾ അറബിയെ ബഹുമാനിച്ച ശേഷം എന്റെ അരുകിൽ വന്നു പതുക്കെ ചോദിച്ചു.
” മറ്റവൻ എന്തിനാ ഓടിയത്..? “
.
“നിങ്ങള് മലയാളി ആണോ .?” മരുഭൂമിയിൽ മഴ കണ്ടവനെപ്പോലെ ഞാൻ അയാളെ അതിശയത്തോടെ നോക്കി നിന്നു. അയാൾ തലയാട്ടിയതല്ലാതെ മറുപടി പറഞ്ഞില്ല അത് കൊണ്ട് തന്നെ ഞാൻ തുടർന്നു.
” അത് എനിക്കും അറിയില്ല . ഒരു പക്ഷെ വിലങ്ങു കണ്ട് പേടിച്ചാവാം “
“ആ കക്ഷി ഗൾഫിൽ പുതിയ ആളാണോ ?
” അല്ല.. എന്തേ ?”
“അല്ല.. ഓടാൻ മാത്രം ഇവിടെ എന്താ ഉണ്ടായത് . ഇവന് പോലീസ് സ്റ്റേഷനിൽ ആ കൈവിലങ്ങു കൊടുക്കണം. അവനത് കടൽക്കരയിൽ നിന്ന് കിട്ടിയതാണ് . കുറച്ചു പഴക്കം ഉണ്ട്. എന്നാലും ഈ പഹയന് അത് സ്റ്റേഷനിൽ ഏൽപ്പിച്ചാലേ ഉറക്കം വരൂ ? അതിനാണ് പോലീസ്റ്റേഷൻ ചോദിച്ചത് ?” അയാൾ ചെറു ചിരിയോടെ പറഞ്ഞു, എന്റെ മറുപടിക്കായി കാത്തു. മറുപടി പറയേണ്ടവൻ ഓടി രക്ഷപെട്ടിരിക്കുന്നു . ഞാൻ പെട്ടിരിക്കുന്നു .
“സാരമില്ല ഞങ്ങൾ കണ്ടു പിടിച്ചോള്ളാം . ഇവൻ ശരിക്കും പോലീസായിരുന്നെങ്കിൽ ഓടിയവനെ വെടിവെച്ചിട്ടേനെ..ആ നിമിഷം !!! ഒന്നുങ്കിൽ അയാൾക്ക് ഭ്രാന്താണ്, അല്ലെങ്കിൽ ഇവൻ ചോദിച്ചത് മനസിലാക്കാൻ ഭാഷ അറിയില്ല.എന്തായാലും അവന്റെ അരി തീർന്നിട്ടില്ല എന്ന് കൂട്ടിക്കോ “
അയാൾ തിരിഞ്ഞു കാറിനടുത്തേക്ക് നടന്നു , അറബിയോട് പതുക്കെ എന്തോ സംസാരിച്ചു. അതോടെ ആ പടുകൂറ്റൻ അറബി ബഷീർക്കാ ഓടിയ വഴിയിലേക്ക് ഒരു വട്ടം കണ്ണയച്ച ശേഷം വണ്ടിയിൽ കയറി. കാർ പതുക്കെ റോഡിലേക്കിറക്കി എന്റെ കൺവെട്ടത്ത് നിന്ന് മറഞ്ഞു പോയി.
റൂമിലേക്ക് തിരിച്ചു നടക്കാൻ വഴി അറിയില്ല . ബഷീർക്ക ഓടിയ ദിശനോക്കി പതുക്കെ നടന്നു . അതല്ലാതെ മറ്റൊരു വഴി എന്റെ മുന്നിൽ ഉണ്ടായിരുന്നില്ല .
കുറച്ചു നടന്നപ്പോഴെ കാണാനായി. വേസ്റ്റ് തള്ളുന്ന വലിയ ബോക്സിന്റെ മറവിൽ ബഷീർക്ക പതുങ്ങി നിൽപ്പുണ്ട് . ശരിക്കും അയാളെ തള്ളേണ്ടിയിരുന്ന സ്ഥലം തന്നെ !!. . എന്തെങ്കിലും പറയും മുൻപ് ബഷീർക്ക എന്നെ വട്ടം ചുറ്റിപ്പിടിച്ചു കൊണ്ട് പറഞ്ഞു .
“നിന്നെ പോലീസ് കൊണ്ടുപോയി എന്നാ കരുതിയത്… “
” കൊണ്ട് പോവുമായിരുന്നു … ആ മനുഷ്യൻ അപ്പോൾ വന്നില്ലായിരുന്നെങ്കിൽ ” തൊട്ടു മുൻപ് നടന്നത് മുഴുവൻ അൽപ്പം ദേഷ്യത്തോടെ പറഞ്ഞു വെച്ചു .
” ബഷീർക്ക നിങ്ങള് നാട്ടിൽ വരുമ്പോൾ വിളമ്പുന്ന ബഡായി ഒക്കെ വിശ്വസിച്ചത് ഞാൻ ഒരു വിഢി ആയിട്ടല്ല . അടച്ചുറപ്പില്ലാത്ത വീട്ടിൽ ആധിയോടെ കഴിയുന്ന അനിയത്തിമാരെ ഓർത്താണ് . അവരെ എങ്ങിനെ എങ്കിലും ഇറക്കി വിടുന്നത് ഓർത്താണ് .” ഒന്ന് നിർത്തിയ ശേഷം ബഷീർക്കയുടെ കണ്ണിലേക്കു നോക്കിക്കൊണ്ട് തുടർന്നു
” കാറിന്റെ ഡ്രൈവർ പറഞ്ഞത് ശരിയാണ് . നിങ്ങൾക്ക് ഇവിടത്തെ ഭാഷ പോലും അറിയില്ലാ എന്നു വന്നാൽ നിങ്ങൾ മണ്ടൻ അല്ലാതെ പിന്നെ ആരാണ് ? ” എന്റെ സ്വരം കടുത്തു.
അതോടെ ബഷീർക്ക എന്റെ കൈ വിട്ടു .പിന്നെ പതുക്കെ തല കുമ്പിട്ടു കൊണ്ട് പറഞ്ഞു
” ശരിയാണ് മോനെ ഞമ്മള് മണ്ടനാണ് . പത്തൊന്പതാമത്തെ വയസിൽ കാലുകുത്തിയതാണ് ഇവിടെ . വർഷം പത്ത് മുപ്പത്തഞ്ചു കഴിഞ്ഞു. ഒന്നും സ്വന്തമായി ഉണ്ടാക്കിയിട്ടില്ല. ഒന്നും പഠിച്ചിട്ടുമില്ല . … ” ബഷീർക്കാ ഒന്ന് നിർത്തി എന്റെ കണ്ണുകളിലേക്ക് ദയനീയമായി നോട്ടമെറിഞ്ഞു .
” ഞാൻ ഈ നാട്ടിൽ പണിയെടുക്കാത്ത ഹോട്ടലുകൾ കുറവാണ്. ഹോട്ടൽ പണിക്കു കയറിയാൽ പിന്നെ പുറം ലോകം ഇല്ല . പകലുകളും, ഒഴിവു ദിവസങ്ങളും ഇല്ല . അത് കൊണ്ട് തന്നെ ഭാഷയോ ഇവിടത്തെ സ്ഥലങ്ങളോ അറിയില്ല . ചക്കിനു കെട്ടിയ മൂരിയെപ്പോലെ ഇടുങ്ങിയ അടുക്കളയിൽ ഒടുങ്ങിപ്പോയതാ ഞമ്മളെയൊക്കെ ജീവിതം . ആർക്കെങ്കിലും ഗുണമുണ്ടായോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല .. സത്യായിട്ടും അറിയില്ല . പക്ഷെ ഒന്നുറപ്പാ …..എനിക്കില്ല.. ഇനി ഉണ്ടാവുകയുമില്ല “
ബഷീർക്കായുടെ കണ്ണ് നിറഞ്ഞേക്കുമെന്ന് തോന്നി. പക്ഷെ അതുണ്ടായില്ല . അടുപ്പുകളുടെ ചൂടിൽ അത് എന്നേ വറ്റിപ്പോയിരിന്നു . കുറച്ചു നേരം വിജനതയിലേക്ക് മിഴികളയച്ച നിന്നായാൾ . പിന്നെ മുഖം അമർത്തി തുടച്ചു ചിരിയെടുത്തണിയാൻ ശ്രമിച്ചു പരാചിതനായി വീണ്ടും തുടർന്നു .
” പിന്നെ… ഞമ്മള് നാട്ടിൽ വന്നു കാണിക്കുന്ന പൊങ്ങച്ചം . അത് എവിടെയും വില ലഭിക്കാതെ പോയവന്റെ അത്യാഗ്രഹം ആയി കണ്ടാൽ മതിയെടാ .” ഇത്തവണ ചിരി വിടർത്താനുള്ള ശ്രമത്തിൽ അയാൾ വിജയിച്ചു.
“നിനക്കു ഒരു ജോലി ഞാൻ പറഞ്ഞു വെച്ചിട്ടുണ്ട് .. നാട്ടീന്നു ഹിമാർ എന്നൊക്കെ വിളച്ചത് തെറ്റായി പോയെങ്കിൽ ഇപ്പൊ തിരിച്ചു വിളിച്ചോടാ .. നിനക്കും അറബി പഠിക്കാലോ . എന്തൊക്കെ പറഞ്ഞാലും , കുടുംബത്തിന് വേണ്ടി ഈ തീച്ചൂടിൽ നിൽക്കുന്ന എനിക്ക് സ്നേഹമില്ല എന്ന് മാത്രം പറയരുത് ” കണ്ണ് നിറഞ്ഞു ചിരിച്ചയാൾ .
ഞാൻ പതുക്കെ ബഷീർക്കയുടെ തോളിൽ കൈയിട്ടു
” വിളിക്കട്ടെ ..”
” നീ വിളിച്ചോടാ “
” സ്നേഹമുള്ള ഹിമാർ …”ബഷീർക്ക അത് കേട്ട് പൊട്ടിച്ചിരിച്ചു .
പ്രവാസത്തിന്റെ കണ്ണീർ വീണു തളിർത്ത മണ്ണിലെ മരുപ്പച്ചപോലെ എന്റെ മുന്നിൽ ബഷീർക്ക നിന്ന് ചിരിച്ചു. ആ ചിരിയിൽ ഞാനും പങ്ക് ചേർന്നു . മരുഭൂമിയിലെ വസന്തം തേടുന്ന യാത്രക്കാരായി ഞങ്ങൾ ചേർന്ന് നടന്നു .