INDIA NEWS

ജനതയുടെ സ്വപ്‌നത്തിന് ചിറകേകി പുന്നമട – നെഹ്റു ട്രോഫി പാല നിർമ്മാണം വേഗത്തിൽ

നെഹ്റു ട്രോഫി മുനിസിപ്പൽ വാർഡിലെയും നടുത്തുരുത്ത് പ്രദേശത്തെയും ജനങ്ങൾ തലമുറകളായി കണ്ട സ്വപ്‌നം അതിവേഗത്തിൽ യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് ഇവിടെ സർക്കാരും ഉദ്യോഗസ്ഥരും കരാറുകാരും. പുന്നമട – നെഹ്റു ട്രോഫി പാലത്തിന്റെ നിർമ്മാണം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 57.12 കോടി രൂപ വിനിയോഗിച്ച് ഊരാളുങ്കൽ ലേബർ സർവീസ് സൊസൈറ്റിയാണ് പാലം നിർമ്മിക്കുന്നത്. പാലത്തിനായുള്ള പൈലിംങ്, പൈൽ ക്യാപുകൾ, പിയറുകൾ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത് . 34 പൈലുകളും , ഒമ്പത് പൈൽ ക്യാപുകളും 14 പിയറുകളും നിലവിൽ പൂർത്തീകരിച്ചുകഴിഞ്ഞു.

സാധാരണക്കാരായ കർഷക തൊഴിലാളികളും കൂലിപ്പണിക്കാരും ഉൾപ്പെടെയുള്ള അറുന്നൂറോളം കുടുംബങ്ങൾ നാളുകളായി അനുഭവിക്കുന്ന യാത്രാദുരിതത്തിന് തന്റെ മണ്ഡലത്തിൽ പുതിയ പാലം യാഥാർത്ഥ്യമാകുന്നതോടെ പരിഹാരമാകുമെന്ന് പി. പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ആശുപത്രികളിൽ കൊണ്ടുപോകുവാനും കുട്ടികൾക്ക് പഠിക്കാൻ പോകുവാനും മുതിർന്നവർക്ക് ജോലിക്കും മറ്റ് ആവശ്യങ്ങൾക്കും പുറത്തേക്കു പോകുവാനും എല്ലാം മറുകര എത്താൻ കടത്തുവള്ളത്തെ ആശ്രയിക്കേണ്ടിവരുന്ന ഒരു ജനതയുടെ ബുദ്ധിമുട്ട് സർക്കാർ നേരിൽകണ്ട് മനസ്സിലാക്കി അവരെ ചേർത്തുനിർത്തുന്നതിന്റെ തെളിവായാണ് ഇങ്ങനെ ഒരു പാലം ഇവിടെ യാഥാർത്ഥ്യമാകുന്നതെന്നും എം.എൽ.എ പറഞ്ഞു.

ജില്ലയിലെ പ്രധാന കായൽ ടൂറിസം മേഖലയായ പുന്നമട കായലിലൂടെയുള്ള ഹൗസ് ബോട്ട് ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ ജലപാതയ്ക്ക് തടസം വരാത്ത വിധം ഇൻ ലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശങ്ങൾ പാലിച്ചു കൊണ്ടാണ് പാലത്തിന്റെ ഡിസൈൻ തയ്യാറാക്കിയിട്ടുള്ളത്. 384.1 മീറ്റർ നീളമുള്ള പാലത്തിന് 12 മീറ്റർ നീളമുള്ള 25 സ്പാനുകളും 72.05 മീറ്ററിന്റെ ബോ സ്ട്രിംഗ് ആർച്ച് മാതൃകയിലുള്ള ജല ഗതാഗത സ്പാനും ആണുള്ളത്. കൂടാതെ ഇരു കരകളിലുമായി 110 മീറ്റർ അപ്രോച്ച് റോഡും നിർമ്മിക്കും. റോഡ് നിർമ്മിക്കാനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇതിനായി 7.99 രൂപയാണ് ചെലവഴിച്ചത്.

ആലപ്പുഴ നഗരസഭയിലെ പുന്നമട വാർഡിനെയും നെഹ്റു ട്രോഫി വാർഡിനെയും ബന്ധിപ്പിക്കുന്ന ഈ പാലം നഗരത്തിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്ന നെഹ്റു ട്രോഫി മുനിസിപ്പൽ വാർഡ് നിവാസികളുടെയും കൈനകരി പഞ്ചായത്തിലെ നടുത്തുരുത്ത് പ്രദേശവാസികളുടെയും യാത്ര ദുരിതം ഇല്ലാതാക്കുവാനും പ്രദേശത്തെ ടൂറിസം സാധ്യതകൾ വികസിപ്പിക്കാനും ലക്ഷ്യം വെച്ചാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ തണ്ണീർമുക്കം ആലപ്പുഴ റോഡിൽ നിന്നും ആലപ്പുഴ ടൗണിൽ കയറാതെ എ.സി. റോഡിൽ എത്താനും ആലപ്പുഴ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുമായി നിർമിക്കാൻ പദ്ധതിയിടുന്ന പള്ളാത്തുരുത്തി കിഴക്കൻ ബൈപ്പാസിന്റെ അലൈന്മെന്റിൽ ഉൾപ്പെടുന്നതാണ് പുന്നമട പാലം.

With input from PRD Kerala.

Related Articles

Back to top button