നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഡോ. ഹാരിസ് ചിറക്കൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ് ചിറക്കൽ, താൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി അറിയിച്ചു. സർവീസ് ജീവിതം മടുത്തെന്നും എന്ത് നടപടിയുണ്ടായാലും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
സർജറികൾ മുടങ്ങുന്നതിനെക്കുറിച്ചും ഉപകരണങ്ങളുടെ അപര്യാപ്തത മൂലം രോഗികൾ മരിക്കുന്നതിനെക്കുറിച്ചും താൻ പോസ്റ്റ് ചെയ്ത കാര്യങ്ങൾ സത്യമാണെന്ന് ഡോ. ഹാരിസ് പറഞ്ഞു. “ഉപകരണം ഇല്ലാത്തതിനാൽ സർജറി മാറ്റിവെക്കുന്നതും ആ കാരണത്താൽ രോഗികൾ മരിക്കുന്നതിനേക്കാളും വലിയ നാണക്കേട് വേറെ എന്താണ്? സത്യങ്ങൾ മൂടിവെക്കേണ്ടതില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് താൻ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതെന്നും ഡോക്ടർ വിശദീകരിച്ചു. നേരത്തെ മെഡിക്കൽ കോളേജ് പ്രിൻസിപ്പലും ഡി.എം.ഇയും വിളിച്ചു കാര്യങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും, മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ താൻ പോസ്റ്റ് പിൻവലിച്ചിരുന്നില്ല. എന്നാൽ, മന്ത്രിയുടെ പി.എസിൽ നിന്ന് ഉറപ്പ് ലഭിച്ചപ്പോൾ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുക എന്നതായിരുന്നു തന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നാല് ഓപ്പറേഷനുകൾ മുടങ്ങിയെന്നും രോഗികൾ മടങ്ങിപ്പോയെന്നും ഡോ. ഹാരിസ് ചൂണ്ടിക്കാട്ടി. ഉപകരണങ്ങളുടെ പ്രശ്‌നങ്ങൾ മുൻപും ഉണ്ടായിരുന്നതാണെന്നും, മന്ത്രിയുടെ ഓഫീസിൽ അറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “നടപടി ഉണ്ടാകട്ടെ, സർവീസ് മടുത്തിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു. പോസ്റ്റിലെ വൈകാരികമായ ഉള്ളടക്കം കാരണം പോലീസ് വീട്ടിൽ വന്നിരുന്നതായും ഡോക്ടർ ഹാരിസ് വെളിപ്പെടുത്തി.
With input from The New Indian Express