GULF & FOREIGN NEWS

നൈജീരിയയിൽ കൂട്ടക്കുരുതി: തോക്കുധാരികളുടെ ആക്രമണത്തിൽ 100 പേർ കൊല്ലപ്പെട്ടു, അനേകം ആളുകൾ കാണാതായി – ആംനസ്റ്റി ഇന്റർനാഷണൽ

നൈജീരിയയിലെ മധ്യ ബെനു സംസ്ഥാനത്തെ യെലെവാറ്റ ഗ്രാമത്തിൽ തോക്കുധാരികൾ നടത്തിയ ഭീകരാക്രമണത്തിൽ കുറഞ്ഞത് 100 പേർ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റർനാഷണൽ നൈജീരിയ റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച പുലർച്ചെ വരെ ഈ ആക്രമണം നടന്നതായി സംഘടന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (മുൻപ് ട്വിറ്റർ) പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു.

“നിരവധി ആളുകളെ ഇപ്പോഴും കാണാനില്ല… ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. പലർക്കും മതിയായ വൈദ്യസഹായം ലഭിക്കാതെ അവശനിലയിലാണ്. നിരവധി കുടുംബങ്ങളെ വീടിനുള്ളിൽ പൂട്ടിയിട്ട് തീകൊളുത്തിയിരുന്നു,” എന്നതാണ് ആംനസ്റ്റി ഇന്റർനാഷണൽ അവരുടെ എക്സ് പോസ്റ്റിൽ വ്യക്തമാക്കുന്നത്.

ബെനു സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള അക്രമങ്ങൾ ഭയാനകമായി വർദ്ധിച്ചുവരികയാണെന്നും, അക്രമം നടത്തിയവർക്കെതിരെ ശിക്ഷാനടപടികൾ ഇല്ലാത്തതിനാൽ ഇവർ തുടർച്ചയായ കൊലപാതകങ്ങളിൽ ഏർപ്പെടുകയാണെന്നും ആംനസ്റ്റി കൂട്ടിച്ചേർക്കുന്നു. ഈ സംഭവങ്ങൾ വലിയതോതിലുള്ള കുടിയിറക്കത്തിന് വഴിവെക്കുകയും, ഭൂരിഭാഗം ഇരകളും കർഷകരായതിനാൽ ഭക്ഷ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുകയുമാണെന്നാണ് മുന്നറിയിപ്പ്.

നൈജീരിയയിലെ മിഡിൽ ബെൽറ്റിലുള്ള ബെനു, വടക്കൻ മുസ്ലിം ഭൂരിപക്ഷ മേഖലയും തെക്കൻ ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയുമായി സന്ധിക്കുന്ന ഭാഗമാണ്. ഇവിടെ കൃഷിയ്ക്ക് ഭൂമി ആവശ്യമുള്ള കർഷകരും കന്നുകാലികൾക്ക് മേച്ചിൽ സ്ഥലം തേടുന്ന ഇടയന്മാരും തമ്മിലുള്ള ഭൂവിനിയോഗ തർക്കങ്ങൾ പതിവാണ്. ഈ തർക്കങ്ങൾ പലപ്പോഴും വംശീയ-മത സംഘർഷങ്ങളായി വഷളാകുന്നു.

കഴിഞ്ഞ മാസം, മധ്യ ബെനുവിലെ ഗ്വെർ വെസ്റ്റ് ജില്ലയിലുടനീളം നടന്ന ആക്രമണങ്ങളിൽ കന്നുകാലി ഇടയന്മാരെന്ന സംശയമുള്ളവർ കുറഞ്ഞത് 42 പേരെ കൊന്നിരുന്നു.

2019 മുതൽ ഇത്തരത്തിലുള്ള അക്രമങ്ങൾ 500-ലധികം ആളുകളുടെ ജീവൻ അപഹരിച്ചിട്ടുണ്ടെന്നും, ഏകദേശം 22 ലക്ഷം ആളുകളെ സ്വന്തം വീടുകളിൽ നിന്ന് ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടായതാണെന്നും എസ്‌ബി‌എം ഇന്റലിജൻസ് എന്ന ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

(With inputs from Amnesty International)

Related Articles

Back to top button