INDIA NEWS

സൈപ്രസ്, ക്യാനഡ, ക്രൊയേഷ്യ എന്നിവിടങ്ങളിലേക്കുള്ള ത്രിരാഷ്ട്ര പര്യടനത്തിനു പുറപ്പെടുന്നതിനു മുമ്പായി പ്രധാനമന്ത്രി പ്രസ്താവന നടത്തി

പ്രധാനമന്ത്രി നടത്തിയ പ്രസ്താവന.

“സൈപ്രസ്, ക്യാനഡ, ക്രൊയേഷ്യ എന്നിവിടങ്ങളിലേക്കുള്ള ത്രിരാഷ്ട്ര പര്യടനത്തിന് ഇന്നു ഞാൻ തുടക്കംകുറിക്കുകയാണ്.

സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സിന്റെ ക്ഷണപ്രകാരം ജൂ​ൺ 15നും 16നും ഞാൻ സൈപ്രസ് സന്ദർശിക്കും. മെഡിറ്ററേനിയൻ മേഖലയിലെയും യൂറോപ്യൻ യൂണിയനിലെയും പ്രധാന പങ്കാളിയും അടുത്ത സുഹൃത്തുമാണു സൈപ്രസ്. ചരിത്രപരമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും വ്യാപാരം, നിക്ഷേപം, സുരക്ഷ, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ നമ്മുടെ ബന്ധം വികസിപ്പിക്കുന്നതിനും ജനങ്ങൾ തമ്മിലുള്ള വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും ഈ സന്ദർശനം അവസരമേകും.

സൈപ്രസിൽനിന്ന്, പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണപ്രകാരം ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഞാൻ ക്യാനഡയിലെ ക്യാനനസ്കിസിലേക്കു പോകും. ആഗോളപ്രശ്നങ്ങളെയും ഗ്ലോബൽ സൗത്തിന്റെ മുൻഗണനകളെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുന്നതിനുള്ള അവസരമാകും ഈ ഉച്ചകോടി. പങ്കാളികളായ രാജ്യങ്ങളിലെ നേതാക്കളുമായി ഇടപഴകാനും ഞാൻ ആഗ്രഹിക്കുന്നു.

ജൂൺ 18ന്, ക്രൊയേഷ്യയിലേക്കുള്ള എന്റെ സന്ദർശനത്തിനും പ്രസിഡന്റ് സോറൻ മിലനോവിച്ച്, പ്രധാനമന്ത്രി ആന്ദ്രെ പ്ലെൻകോവിച്ച് എന്നിവരുമായുള്ള കൂടിക്കാഴ്ചകൾക്കുമായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള വളരെയടുത്ത സാംസ്കാരിക ബന്ധമാണ് ഇരുരാജ്യങ്ങൾക്കുമിടയിലുള്ളത്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ക്രൊയേഷ്യയിലേക്കുള്ള ആദ്യ സന്ദർശനം എന്ന നിലയിൽ, പരസ്പരതാൽപ്പര്യമുള്ള മേഖലകളിൽ ഉഭയകക്ഷിസഹകരണത്തിന് ഇതു പുതിയ പാത തെളിക്കും.

അതിർത്തികടന്നുള്ള ഭീകരതയ്ക്കെതിരായ നമ്മുടെ പോരാട്ടത്തിൽ ഇന്ത്യക്കു നൽകുന്ന ഉറച്ച പിന്തുണയ്ക്കു പങ്കാളികളായ രാജ്യങ്ങൾക്കു നന്ദി പറയുന്നതിനും, ഭീകരതയെ എല്ലാ രൂപത്തിലും ആവിഷ്കാരത്തിലും നേരിടുന്നതിൽ ആഗോള ധാരണ ശക്തിപ്പെടുത്തുന്നതിനുമുള്ള അവസരം കൂടിയാണ് ഈ ത്രിരാഷ്ട്ര പര്യടനം.”

Related Articles

Back to top button