INDIA NEWS

48-ാമത് പ്രഗതി യോഗം ചേർന്നു പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു.

ന്യൂഡൽഹി: ജൂൺ 25, 2025 – ദക്ഷിണ ബ്ലോക്കിൽ നടന്ന 48-ാമത് പ്രഗതി യോഗത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച്, കാര്യക്ഷമമായ ഭരണവും സമയബന്ധിതമായ പദ്ധതിനിർവ്വഹണവും ലക്ഷ്യമിടുന്ന ICT അധിഷ്ഠിത പ്ലാറ്റ്‌ഫോമാണ് പ്രഗതി.

ഖനനം, റെയിൽവേ, ജലവിഭവ മേഖലകളിലെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി യോഗത്തിൽ വിലയിരുത്തി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും പൊതുജനക്ഷേമത്തിനും നിർണ്ണായകമായ ഈ പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണം, വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം, പ്രശ്നപരിഹാരം എന്നിവയ്ക്ക് ഊന്നൽ നൽകി.

പദ്ധതിനിർവ്വഹണത്തിലെ കാലതാമസം സാമ്പത്തിക ബാധ്യത വർദ്ധിപ്പിക്കുകയും പൗരന്മാർക്ക് അവശ്യ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും സമയബന്ധിതമായി ലഭിക്കുന്നത് തടയുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര-സംസ്ഥാന തലങ്ങളിലെ ഉദ്യോഗസ്ഥരോട്, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് ഫലപ്രാപ്തി ലക്ഷ്യമിട്ടുള്ള സമീപനം സ്വീകരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ആരോഗ്യ മേഖലയ്ക്ക് ഊന്നൽ
പ്രധാനമന്ത്രി-ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ (PM-ABHIM) അവലോകനം ചെയ്യവെ, വിദൂര, ഗോത്ര, അതിർത്തി പ്രദേശങ്ങളിലും, അഭിലാഷ ജില്ലകളിലും ആരോഗ്യ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. പാവപ്പെട്ടവർക്കും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും, അവഗണിക്കപ്പെട്ടവർക്കും ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നത് ഉറപ്പാക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ പ്രദേശങ്ങളിലെ നിർണ്ണായക ആരോഗ്യ സേവനങ്ങളിലെ നിലവിലുള്ള വിടവുകൾ നികത്താൻ അടിയന്തിരവും നിരന്തരവുമായ ശ്രമങ്ങൾ നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിൽ പ്രാഥമിക, ത്രിതീയ, സ്പെഷ്യലൈസ്ഡ് ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിനും PM-ABHIM സംസ്ഥാനങ്ങൾക്ക് ഒരു സുവർണ്ണാവസരം നൽകുന്നുവെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

പ്രതിരോധ മേഖലയിലെ സ്വാശ്രയത്വം
പ്രതിരോധ മേഖലയിൽ ആത്മനിർഭരത കൈവരിക്കുന്നതിന് വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നടപ്പിലാക്കിയ മികച്ച മാതൃകകൾ പ്രധാനമന്ത്രി വിലയിരുത്തി. ഈ സംരംഭങ്ങളെ അദ്ദേഹം പ്രശംസിച്ചു. തദ്ദേശീയ ശേഷി ഉപയോഗിച്ച് നടപ്പാക്കിയ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം, പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സ്വാശ്രയത്വത്തിന് ശക്തമായ തെളിവാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിരോധ മേഖലയിൽ ആത്മനിർഭരത കൈവരിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് എങ്ങനെ സംഭാവന നൽകാമെന്നും ഈ അവസരം എങ്ങനെ പ്രയോജനപ്പെടുത്താമെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

With input from PIB & PM INDIA

Related Articles

Back to top button