INDIA NEWS

ഇരുകാലുകളും നഷ്ടമായിട്ടും ഉലയാത്ത വീര്യം; സദാനന്ദൻ മാസ്റ്ററുടെ ജീവിതം

രാഷ്ട്രീയ അക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ടിട്ടും, തളരാത്ത ആത്മവീര്യവുമായി രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് സി. സദാനന്ദൻ മാസ്റ്റർ. ആർ.എസ്.എസ്സിലൂടെ പൊതുപ്രവർത്തനത്തിലെത്തി, പിന്നീട് ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയിലെത്തി നിൽക്കുന്ന അദ്ദേഹത്തിന്റെ ജീവിതം അതിജീവനത്തിന്റെയും അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ്.

1994 ജനുവരി 25 ന് രാത്രി 8:20ന്, കണ്ണൂരിൽ വെച്ച്, യുവ ആർ.എസ്.എസ് ജില്ലാ സഹകാര്യവാഹകനായിരുന്ന സദാനന്ദൻ മാസ്റ്റർക്ക് നേരെ രാഷ്ട്രീയ ആക്രമണമുണ്ടായി. വീടിനടുത്തുവെച്ചുണ്ടായ ഈ ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഇരുകാലുകൾക്കും ഗുരുതരമായി വെട്ടേറ്റു. ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും കാലുകൾ മുറിച്ചുമാറ്റുകയല്ലാതെ മറ്റ് മാർഗ്ഗമുണ്ടായിരുന്നില്ല. അന്ന് അദ്ദേഹത്തിന് വെറും മുപ്പത് വയസ്സായിരുന്നു പ്രായം.

കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിൽ ഒന്നായി ഈ സംഭവം മാറി. ഈ ആക്രമണത്തിന് തിരിച്ചടിയായി 24 മണിക്കൂറിനുള്ളിൽ എസ്.എഫ്.ഐ സംസ്ഥാന നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന കെ.വി. സുധീഷിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. പിന്നീട് ദിവസങ്ങളോളം കണ്ണൂർ സംഘർഷഭരിതമായി തുടർന്നു.

സംഘർഷഭരിതമായ കണ്ണൂർ രാഷ്ട്രീയം
സി.പി.എം, കോൺഗ്രസ്, ആർ.എസ്.എസ്, ബി.ജെ.പി എന്നിവർ തമ്മിൽ നടന്ന രാഷ്ട്രീയ ആക്രമണങ്ങളിൽ നിരവധി ജീവനുകളാണ് കണ്ണൂരിൽ പൊലിഞ്ഞത്. 1990-കളുടെ തുടക്കത്തിൽ ആർ.എസ്.എസ്-ബി.ജെ.പിയും സി.പി.എമ്മും തമ്മിലും, സി.പി.എമ്മും കോൺഗ്രസും തമ്മിലുമുള്ള സംഘർഷങ്ങൾ കണ്ണൂരിനെ കൂടുതൽ കലാപകലുഷിതമാക്കി.

സംഘർഷഭരിതമായ ഈ കാലത്ത്, കേരളം യു.ഡി.എഫ് ഭരണത്തിലായിരുന്നു. അഴിമതി ആരോപണങ്ങളും പരസ്പരം പഴിചാരലുകളും പതിവായിരുന്നു. 1991-ലെ നിയമസഭാ, ലോകസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ലീഗും ബി.ജെ.പിയും പരസ്യമായി സഖ്യമുണ്ടാക്കി മത്സരിച്ചതോടെ, രാഷ്ട്രീയ മണ്ഡലത്തിൽ സി.പി.എം ഒരു ഭാഗത്തും മറ്റുള്ളവരെല്ലാം മറുഭാഗത്തും എന്ന പ്രതീതി ശക്തമായി. അതുകൊണ്ടുതന്നെ, ആർ.എസ്.എസ്-ബി.ജെ.പി സംഘർഷങ്ങളിൽ കോൺഗ്രസിനും ഭരണകൂടത്തിനുമുള്ള പങ്ക് സി.പി.എം ആരോപിച്ചുകൊണ്ടേയിരുന്നു.

രാഷ്ട്രീയ എതിരാളികളെ രക്തസ്നാനം ചെയ്യിക്കുക എന്നത് അക്കാലത്ത് പലരുടെയും പ്രവർത്തനരീതിയായിരുന്നു. സി.പി.എമ്മും ആർ.എസ്.എസ്സും എതിരാളികളുടെ സ്വാധീന മേഖലകളിൽ കടന്നുകയറാനും തങ്ങളുടെ സ്വാധീന മേഖലകളിൽ മറ്റുള്ളവരെ അടിച്ചമർത്താനും ഒരുപോലെ നിലപാടെടുത്തു. മുൻകാലങ്ങളിൽ സജീവമായിരുന്ന കോൺഗ്രസ്, ഈ രണ്ട് വിഭാഗങ്ങളെക്കാൾ കായികമായി പിന്നോട്ട് പോയിരുന്നു. മുസ്ലീം ലീഗ് അവരുടെ ശക്തികേന്ദ്രങ്ങളിൽ ഉറച്ചുനിന്നു. ഇതായിരന്നു കണ്ണൂരിലെ സംഘർഷം നിറഞ്ഞ രാഷ്ട്രീയകാലാവസ്ഥ. 1987-ലെ ചീമേനി സംഭവത്തോടെ കനത്ത തിരിച്ചടി നേരിട്ട കോൺഗ്രസുകാർ സി.പി.എമ്മിനെതിരായ ഏതു നീക്കത്തെയും മനസ്സുകൊണ്ട് പിന്തുണച്ചു.

ആക്രമണവും രാജ്യസഭാ പ്രവേശനവും
1994-ൽ ആർ.എസ്.എസ്-ബി.ജെ.പി സംയുക്തമായി ‘ജനരക്ഷായാത്ര’ എന്ന പേരിൽ സി.പി.എം അക്രമത്തിനെതിരെ പദയാത്ര നടത്തി. സി.പി.എമ്മിന് സ്വാധീനമുള്ള പ്രദേശങ്ങളിലൂടെയും യാത്ര കടന്നുപോയി. ഇതിന് മറുപടിയായി സി.പി.എം ആർ.എസ്.എസ്-ബി.ജെ.പിക്കെതിരായ പ്രചാരണ പരിപാടികളും നടത്തിവന്നു. പദയാത്രയുമായി ബന്ധപ്പെട്ട് തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ കടന്നുകയറിയതിലുള്ള എതിർപ്പാണ് സദാനന്ദൻ മാസ്റ്റർക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 80 പ്രകാരം, രാഷ്ട്രപതിക്ക് ശാസ്ത്രം, സാഹിത്യം, കല, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ പ്രത്യേക അറിവോ അനുഭവസമ്പത്തോ ഉള്ള 12 പേരെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ അധികാരമുണ്ട്. 2014-ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം കേരളത്തിൽ നിന്ന് മൂന്ന് പേരെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. നടൻ സുരേഷ് ഗോപി, കായികതാരം പി.ടി. ഉഷ എന്നിവരാണ് ഇതിനുമുമ്പ് നോമിനേറ്റ് ചെയ്യപ്പെട്ടവർ. സുരേഷ് ഗോപി പിന്നീട് ബി.ജെ.പി സ്ഥാനാർത്ഥിയായി തൃശൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിക്കുകയും, കേരളത്തിൽ ബി.ജെ.പിക്ക് ആദ്യ ലോക്സഭാ വിജയം സമ്മാനിക്കുകയും ചെയ്തു. കേരളത്തിൽ നിന്ന് ഒരു മുഴുവൻ സമയ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകനെ ആദ്യമായാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നത്.

ആരാണ് സി. സദാനന്ദൻ മാസ്റ്റർ?
കണ്ണൂരിലെ മട്ടന്നൂർ പെരിഞ്ചേരി സ്വദേശിയായ സദാനന്ദൻ മാസ്റ്റർ നിലവിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റാണ്. ആർ.എസ്.എസ്സിലൂടെയാണ് അദ്ദേഹം രാഷ്ട്രീയപ്രവർത്തനത്തിലേക്ക് കടന്നുവന്നത്. ജന്മഭൂമി പത്രാധിപ സമിതി അംഗം, ആർ.എസ്.എസ് എറണാകുളം വിഭാഗ് ബൗദ്ധിക് പ്രമുഖ്, രാഷ്ട്രസേവാ സമിതി സെക്രട്ടറി, ഭാരതീയ വിചാരകേന്ദ്രം തൃശൂർ ജില്ലാ സെക്രട്ടറി തുടങ്ങി നിരവധി ചുമതലകൾ വഹിച്ചു.

അക്രമത്തിൽ കാലുകൾ നഷ്ടപ്പെട്ടതിന് ശേഷം, 1999 മുതൽ പേരാമംഗലത്തെ ശ്രീ ദുർഗ്ഗ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹികശാസ്ത്ര അധ്യാപകനായി ജോലി ചെയ്തു. വിരമിച്ച ശേഷം അദ്ദേഹം മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായി. ഇരുകാലുകളും നഷ്ടപ്പെട്ടിട്ടും, കൃത്രിമ കാലുകൾ ഉപയോഗിച്ച് അദ്ദേഹം അധ്യാപകനായി പ്രവർത്തിക്കുകയും സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകുകയും ചെയ്തു. ഗോഹട്ടി സർവ്വകലാശാലയിൽ നിന്ന് ബി.കോം ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ബി.എഡും നേടിയ അദ്ദേഹം, ബി.ജെ.പിയുടെ അധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്സ് യൂണിയന്റെ സംസ്ഥാന പ്രസിഡന്റും അതിന്റെ പ്രസിദ്ധീകരണമായ ‘ദേശീയ അധ്യാപക വാർത്ത’യുടെ എഡിറ്ററുമായിരുന്നു. സി.എൻ.എൻ ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയും പാനൂർ അണിയാരം സ്വദേശിനിയുമായ വനിത റാണിയാണ് ഭാര്യ. മകൾ യമുന ഭാരതി ഒരു എഞ്ചിനീയറാണ്.

രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്തതിൽ അതിയായ സന്തോഷമുണ്ടെന്ന് സദാനന്ദൻ മാസ്റ്റർ പ്രതികരിച്ചു. പ്രധാനമന്ത്രി ഇക്കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “സന്തോഷമുണ്ട്. പദവിയെക്കുറിച്ച് പ്രധാനമന്ത്രി നേരത്തെ സൂചന നൽകിയിരുന്നു. നേരിട്ടും സംസാരിച്ചിരുന്നു. കേരളത്തിനും കേരളത്തിലെ പാർട്ടി പ്രവർത്തനത്തിനും ശക്തിപകരുന്ന തീരുമാനമാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കുകയാണ്. വികസിത ഭാരതം എന്ന സന്ദേശം പാർട്ടി നൽകിയിട്ടുണ്ട്. അത് സാധ്യമാക്കുന്ന നയങ്ങൾ പാർട്ടി സ്വീകരിക്കുകയാണ്. അതിന്റെ ഭാഗമായും ഇതിനെ കാണാം,” സി. സദാനന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

With input from News Agencies

Related Articles

Back to top button