ASTROLOGYFEATURE ARTICLE

ദീപാവലി; ആഘോഷം ഒന്ന്, ഐതിഹ്യം പലത്

ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും ഹിന്ദു സമൂഹത്തിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് ദീപാവലി. ദീപങ്ങളുടെ ആഘോഷമായി ദീപാവലിയെ കണക്കാക്കുന്നു. ജനങ്ങള്‍ അവരവരുടെ വീടുകളില്‍ മണ്‍ചിരാതുകളും വൈദ്യുതാലങ്കാരങ്ങളും ഉപയോഗിച്ച് പ്രകാശപൂരിതമാക്കി ഈ ഉത്സവം അത്യാഹ്ലാദപൂര്‍വ്വം കൊണ്ടാടുന്നു. ഹിന്ദു കലണ്ടര്‍ പ്രകാരം കാര്‍ത്തികമാസത്തിലെ അമാവാസി രാത്രിയിലാണ് ദീപാവലി ആഘോഷിക്കുന്നത്. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച്, ഇത് സാധാരണയായി ഒക്ടോബര്‍ പകുതി മുതല്‍ നവംബര്‍ പകുതി വരെ തീയ്യതിക്കുള്ളില്‍ വരുന്നു. രാജ്യത്തെ ഈ പ്രധാന ആഘോഷത്തിന് പല ഐതിഹ്യ കഥകളുടെ പിന്‍ബലം കൂടിയുണ്ട്.

ദീപാവലിയുടെ പ്രാധാന്യം
ദീപാവലി സമയത്ത് ആളുകള്‍ അവരവരുടെ വീട് വൃത്തിയാക്കുന്നു. ശുചീകരണം സാധാരണയായി പ്രധാന ഉത്സവത്തിന് ഒരാഴ്ച മുമ്പ് ആരംഭിക്കുന്നു. ചിലയിടങ്ങളില്‍ ദീപാവലിക്ക് മുമ്പായി ആളുകള്‍ അവരുടെ വീട് അറ്റകുറ്റപ്പണി നടത്തി മോടിപിടിപ്പിക്കുന്ന പതിവുമുണ്ട്. ദീപാവലി ദിനത്തില്‍ ആളുകള്‍ പുതിയ വസ്ത്രങ്ങള്‍ ധരിക്കുകയും വീടുകള്‍ മണ്‍ചിരാതുകളും മെഴുകുതിരികളും കൊണ്ട് അലങ്കരിക്കുകയും ചെയ്യുന്നു. പൊതു സ്ഥലങ്ങളും വൃത്തിയാക്കി അലങ്കരിക്കുന്നു. അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്യുന്നു.

ദീപാവലി ആഘോഷത്തിന് പിന്നില്‍
ദീപങ്ങളുടെ നിര’ എന്ന അര്‍ത്ഥമുള്ള സംസ്‌കൃത പദത്തില്‍ നിന്നാണ് ‘ദീപാവലി’ എന്ന വാക്ക് ഉത്ഭവിച്ചത്. അതിനാല്‍, ആളുകള്‍ അവരുടെ വീട് പ്രകാശിപ്പിക്കുന്നതിന് വിളക്കുകള്‍ തെളിയിക്കുന്നു. സ്‌കന്ദപുരാണമനുസരിച്ച്, മണ്‍ചിരാതുകള്‍ സൂര്യനെ പ്രതീകപ്പെടുത്തുന്നു, ഇത് പ്രകാശത്തിന്റെയും ഊര്‍ജ്ജത്തിന്റെയും പ്രപഞ്ച ദാതാവിനെ കണക്കാക്കുന്നു.

ശ്രീരാമന്റെ മടങ്ങിവരവ്
ഹിന്ദു ഇതിഹാസമായ രാമായണമനുസരിച്ച്, 14 വര്‍ഷത്തെ വനവാസത്തിനുശേഷം ശ്രീരാമന്‍, സീതാദേവി, ലക്ഷ്മണന്‍, ഹനുമാന്‍ എന്നിവര്‍ അയോധ്യയിലേക്ക് മടങ്ങിയെത്തിയ ദിവസമാണ് ദീപാവലി. തുലാമാസത്തിലെ കറുത്തപക്ഷ ചതുര്‍ദ്ദശിയിലായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവ്. അയോദ്ധ്യയിലെ ജനങ്ങള്‍ അദ്ദേഹത്തെ വരവേല്‍ക്കാനായി തെരുവുകള്‍ മുഴുവന്‍ മണ്‍വിളക്കുകള്‍ കത്തിച്ച് വഴിതെളിച്ചു. ആ ഓര്‍മ്മ പുതുക്കലിന്റെ ദിനമായാണ് ദീപാവലി കൊണ്ടാടുന്നതെന്നാണ് ഒരു വിശ്വാസം.

ലക്ഷ്മി ദേവിയുടെ ജന്‍മദിനം
സമ്പത്തിന്റെ ദേവതയായ ലക്ഷമീ ദേവിയാണ് ദീപാവലി വേളയില്‍ ഏറ്റവുമധികം ആരാധിക്കുന്ന മൂര്‍ത്തി. ദീപാവലി നാളിലാണ് ലക്ഷ്മിദേവി സമുദ്രത്തിന്റെ ആഴത്തില്‍ നിന്ന് അവതാരമെടുത്തതെന്ന് പറയപ്പെടുന്നു. കാര്‍ത്തിക മാസത്തിലെ അമാവാസി ദിനത്തിലായിരുന്നു ഇത്. അതേ രാത്രിയിലാണ് ദേവി മഹാവിഷ്ണുവിനെ വിവാഹം കഴിച്ചത്. ഈ സംഭവത്തിന്റെ സാക്ഷ്യപ്പെടുത്തലായി വിളക്കുകള്‍ കത്തിച്ച് ആഘോഷിച്ചു. അതിനാല്‍ ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് ദീപാവലി ഉത്സവ വേളയില്‍ വിളക്കുകളും മെഴുകുതിരികളും കത്തിക്കുന്ന പാരമ്പര്യം ഉടലെടുത്തുവെന്ന് പറയപ്പെടുന്നു. ലക്ഷ്മി ദേവിയ്ക്കൊപ്പം ഗണപതിയെ പുതിയ തുടക്കത്തിന്റെ പ്രതീകമായി സ്മരിക്കുകയും ദീപാവലി ദിനത്തില്‍ ആരാധിക്കുകയും ചെയ്യുന്നു.

നരകാസുര വധം
കിഴക്കേ ഇന്ത്യയിലെ ആളുകള്‍ ദീപാവലിയെ ദുര്‍ഗാദേവിയുമായും അവരുടെ കാളി അവതാരവുമായും ബന്ധപ്പെടുത്തുന്നു. ബംഗാളില്‍ ദീപാവലി ആഘോഷം കാളീപൂജാ ചടങ്ങുകളോടെ നടത്തുന്നു. അതേസമയം ഉത്തരേന്ത്യയിലെ ബ്രജ് പ്രദേശത്തുള്ള ആളുകള്‍, ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസമാണ് ദീപാവലി എന്ന് വിശ്വസിക്കുന്നു.

പാണ്ഡവരുടെ മടങ്ങിവരവ്
മഹാഭാരതം’ അനുസരിച്ച് പന്ത്രണ്ടുവര്‍ഷത്തെ നാടുകടത്തലിനു ശേഷം പഞ്ചപാണ്ഡവന്‍മാര്‍ സ്വന്തം ദേശമായ ഹസ്തിനപുരിയിലേക്ക് മടങ്ങിയെത്തിയ നാളായി ദീപാവലിയെ കണക്കാക്കുന്നു. പാണ്ഡവ സഹോദരന്മാരും അവരുടെ ഭാര്യ ദ്രൗപദിയും മാതാവായ കുന്തിയും മടങ്ങിയെത്തിയ സന്തോഷകരമായ ദിവസത്തെ ആഘോഷമാക്കി നാട്ടുകാര്‍ എല്ലായിടത്തും ശോഭയുള്ള മണ്‍ചിരാതുകള്‍ തെളിച്ചുവെന്ന് പറയപ്പെടുന്നു.

ജൈനമതത്തിലും പ്രാധാന്യം
വര്‍ധമന മഹാവീരന് ജ്ഞാനോദയം ലഭിച്ച ദിനമാണ് ദീപാവലി എന്ന് ജൈനര്‍ വിശ്വസിക്കുന്നു. ജൈനമതത്തിലെ ഇരുപത്തിനാലാമത്തെയും അവസാനത്തെയും തീര്‍ത്ഥങ്കരനും ആധുനിക ജൈനമതത്തിന്റെ സ്ഥാപകനുമാണ് വര്‍ധമാന മഹാവീരന്‍. ബി.സി 527 ലാണ് അദ്ദേഹത്തിന് ജ്ഞാനോദയം ലഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ജൈനമതക്കാര്‍ക്ക് ദീപാവലി ആഘോഷങ്ങളില്‍ ഏര്‍പ്പെടാനുള്ള ഒരു കാരണം കൂടിയാണിത്.

വിളവെടുപ്പ് ഉത്സവം
പലയിടങ്ങളിലും വിളവെടുപ്പ് ഉത്സവമായും ദീപാവലി ആഘോഷിക്കുന്നു. ഇന്ത്യയില്‍ സമ്പന്നമായ നെല്‍കൃഷി അതിന്റെ ഫലം നല്‍കുന്ന നാളുകളായി ഇതിനെ കണക്കാക്കുന്നു. നെല്‍കൃഷി വിളവെടുപ്പിന്റെ കാലമാണ് ദീപാവലി. ഇന്ത്യ ഒരു കാര്‍ഷിക സാമ്പത്തിക സമൂഹമായതിനാല്‍ സമ്പന്നമായ കൃഷി വിളവെടുപ്പിന്റെ പ്രാധാന്യവും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നു. സമ്പത്തിന്റെ നാഥനായി ആരാധിക്കപ്പെടുന്ന കുബേരനെയും ദീപാവലി നാളില്‍ ആരാധിക്കുന്നു.

Back to top button