INDIA NEWS

റിയോ ഡി ജനീറോയിൽ നടക്കുന്ന 17-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ജൂലൈ 6-7 തീയതികളിൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന 17-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തു. ആഗോള ഭരണപരിഷ്കരണം, ഗ്ലോബൽ സൗത്തിന്റെ ശബ്ദം ശക്തിപ്പെടുത്തൽ, സമാധാനവും സുരക്ഷയും, ബഹുമുഖത്വം ശക്തിപ്പെടുത്തൽ, വികസന വിഷയങ്ങൾ, നിർമ്മിത ബുദ്ധി തുടങ്ങിയ ബ്രിക്സ് അജണ്ടയിലെ വിവിധ വിഷയങ്ങളിൽ നേതാക്കൾ ഫലപ്രദമായ ചർച്ചകൾ നടത്തി. ഊഷ്മളമായ ആതിഥ്യത്തിനും ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിനും പ്രധാനമന്ത്രി ബ്രസീൽ പ്രസിഡന്റിന് നന്ദി പറഞ്ഞു.

“ആഗോള ഭരണപരിഷ്കരണവും സമാധാനവും സുരക്ഷയും” എന്ന വിഷയത്തിലെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. പിന്നീട്, “ബഹുമുഖത്വം ശക്തിപ്പെടുത്തൽ, സാമ്പത്തിക-ധനകാര്യ കാര്യങ്ങൾ, നിർമ്മിത ബുദ്ധി” എന്ന വിഷയത്തിലെ ഒരു സെഷനെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ഈ സെഷനിൽ ബ്രിക്സ് പങ്കാളിത്ത രാജ്യങ്ങളും ക്ഷണിക്കപ്പെട്ട രാജ്യങ്ങളും പങ്കെടുത്തു.

ആഗോള ഭരണവും സമാധാനവും സുരക്ഷയും
ആഗോള ഭരണവും സമാധാനവും സുരക്ഷയും സംബന്ധിച്ച സെഷനിൽ സംസാരിക്കവെ, ഗ്ലോബൽ സൗത്തിന്റെ ശബ്ദം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു. സുസ്ഥിര വികസനത്തിനായി, കാലാവസ്ഥാ ധനസഹായത്തിലേക്കും സാങ്കേതികവിദ്യയിലേക്കും പ്രവേശനം ഉറപ്പാക്കുന്ന കാര്യത്തിൽ വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ പിന്തുണ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 20-ാം നൂറ്റാണ്ടിലെ ആഗോള സംഘടനകൾക്ക് 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാൻ ശേഷിയില്ലെന്ന് എടുത്തുപറഞ്ഞ അദ്ദേഹം, അവ പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഒരു ബഹുമുഖവും സമഗ്രവുമായ ലോകക്രമത്തിനായി ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, യുഎൻ സുരക്ഷാ കൗൺസിൽ, ഐഎംഎഫ്, ലോകബാങ്ക്, ലോക വ്യാപാര സംഘടന തുടങ്ങിയ ആഗോള ഭരണ സ്ഥാപനങ്ങളിൽ സമകാലിക യാഥാർത്ഥ്യങ്ങൾ പ്രതിഫലിക്കുന്ന തരത്തിൽ അടിയന്തിര പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് പ്രസ്താവിച്ചു. യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കരണത്തിന്റെ അടിയന്തിര പ്രാധാന്യം എടുത്തുപറഞ്ഞതിനും ഉച്ചകോടി പ്രഖ്യാപനത്തിൽ ഈ വിഷയത്തിൽ ശക്തമായ ഭാഷ സ്വീകരിച്ചതിനും അദ്ദേഹം നേതാക്കൾക്ക് നന്ദി പറഞ്ഞു.

സമാധാനത്തെയും സുരക്ഷയെയും കുറിച്ച് സംസാരിക്കവെ, ഭീകരവാദം മനുഷ്യരാശി നേരിടുന്ന ഗുരുതരമായ ഭീഷണിയാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഈ പശ്ചാത്തലത്തിൽ, 2025 ഏപ്രിലിൽ നടന്ന പഹൽഗാം ഭീകരാക്രമണം ഇന്ത്യയ്ക്കെതിരായ ആക്രമണം മാത്രമല്ല, മുഴുവൻ മനുഷ്യരാശിക്കുമെതിരായ കടന്നാക്രമണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരതയ്ക്കെതിരെ ശക്തമായ ആഗോള നടപടിക്ക് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, തീവ്രവാദികൾക്ക് ധനസഹായം നൽകുന്നവർക്കും പ്രോത്സാഹനം നൽകുന്നവർക്കും സുരക്ഷിത താവളങ്ങൾ ഒരുക്കുന്നവർക്കും കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. തീവ്രവാദത്തെ നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച ബ്രിക്സ് നേതാക്കൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഭീകരവാദത്തിനെതിരായ ആഗോള പോരാട്ടം ശക്തിപ്പെടുത്താൻ ബ്രിക്സ് രാജ്യങ്ങളോട് ആഹ്വാനം ചെയ്ത അദ്ദേഹം, ഈ വിപത്തിനെ നേരിടുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും ഊന്നിപ്പറഞ്ഞു.

വിഷയം കൂടുതൽ വിശദീകരിച്ചുകൊണ്ട്, പശ്ചിമേഷ്യ മുതൽ യൂറോപ്പ് വരെയുള്ള സംഘർഷങ്ങൾ അതീവ ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അത്തരം സംഘർഷങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യ എല്ലായ്പ്പോഴും സംഭാഷണത്തിനും നയതന്ത്രത്തിനും ആഹ്വാനം ചെയ്തിട്ടുണ്ടെന്നും അത്തരം ശ്രമങ്ങൾക്ക് സംഭാവന നൽകാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹുമുഖത്വം, സാമ്പത്തിക-ധനകാര്യ കാര്യങ്ങൾ, നിർമ്മിത ബുദ്ധി എന്നിവ ശക്തിപ്പെടുത്തൽ
“ബഹുമുഖത്വം, സാമ്പത്തിക-ധനകാര്യ കാര്യങ്ങൾ, നിർമ്മിത ബുദ്ധി എന്നിവ ശക്തിപ്പെടുത്തൽ” എന്ന സെഷനെ അഭിസംബോധന ചെയ്തുകൊണ്ട്, വൈവിധ്യവും ബഹുധ്രുവതയും ബ്രിക്സിന്റെ വിലപ്പെട്ട ശക്തികളാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ലോകക്രമം സമ്മർദ്ദത്തിലായിരിക്കുകയും ആഗോള സമൂഹം അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും നേരിടുകയും ചെയ്യുന്ന ഈ സമയത്ത് ബ്രിക്സിന്റെ പ്രസക്തി വ്യക്തമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഒരു ബഹുധ്രുവ ലോകത്തെ രൂപപ്പെടുത്തുന്നതിൽ ബ്രിക്സിന് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ അദ്ദേഹം നാല് നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു: ഒന്ന്, ബ്രിക്സ് ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് പദ്ധതികൾക്ക് അംഗീകാരം നൽകുമ്പോൾ ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ള തത്വവും ദീർഘകാല സുസ്ഥിരതയും പിന്തുടരണം; രണ്ട്, ആഗോള തെക്കൻ രാജ്യങ്ങൾക്ക് പ്രയോജനം ചെയ്യുന്ന ഒരു ശാസ്ത്ര-ഗവേഷണ ശേഖരം സ്ഥാപിക്കുന്ന കാര്യം ഗ്രൂപ്പ് പരിഗണിക്കണം; മൂന്ന്, നിർണായക ധാതുക്കളുടെ വിതരണ ശൃംഖല സുരക്ഷിതവും പ്രതിരോധശേഷിയുള്ളതുമാക്കുന്നതിന് ശ്രദ്ധ നൽകണം; നാല്, ഗ്രൂപ്പ് ഉത്തരവാദിത്തമുള്ള നിർമ്മിത ബുദ്ധിക്കായി പ്രവർത്തിക്കണം – നിർമ്മിത ബുദ്ധി ഭരണത്തിലെ ആശങ്കകൾ പരിഗണിക്കുമ്പോൾ തന്നെ ഈ മേഖലയിലെ നവീകരണത്തിന് തുല്യ പ്രാധാന്യം നൽകണം.

നേതാക്കളുടെ സമ്മേളനത്തിന്റെ സമാപനത്തിൽ, അംഗരാജ്യങ്ങൾ ‘റിയോ ഡി ജനീറോ പ്രഖ്യാപനം’ അംഗീകരിച്ചു.

With input from PIB, Photo : IndiaToday

Related Articles

Back to top button