STORY & POEMS

ഒരു അഞ്ഞൂറ് രൂപയുടെ കഥ!

സജിത്ത് രാജൻ, ഹൈദ്രാബാദ്

കുറച്ചു പഴയ ഒരു കഥയാണ്. പഠിത്തം കഴിഞ്ഞു ഒരു ജോലി ഒക്കെ കിട്ടി സ്ഥിരമായിട്ട് ശംമ്പളം അയച്ചു കൊടുക്കുന്ന കാലംവരെ ഞാന്‍ അമ്മയോട് ഒരു അഞ്ഞൂറ് രൂപയുടെ കണക്കു പറയുമാരുന്നു. സംഭവം ഇതാണ്…

എട്ടാംക്ലാസ് കഴിഞ്ഞുള്ള വേനല്‍ അവധിക്കാലം. രാവിലെ എട്ടുമണിക്ക് എണീക്കും. പൂന്തോട്ടം ചെറിയ ചെറിയ അടുക്കളകൃഷികള്‍ ഒക്കെ ആയിട്ട് പകല്‍ സമയങ്ങള്‍. ഉച്ചക്ക് രണ്ടുമണി മുതല്‍ ക്രിക്കറ്റ്‌ കളി. അത് കഴിഞ്ഞു വയനകം ഗ്രന്ഥശാലയില്‍ പോയി പുതിയ പുസ്തകം എടുത്തു വരും. രാത്രില്‍ തന്നെ അത് വായിച്ചു തീര്‍ക്കും. പിന്നെ അനീഷും സന്തോഷുമായിട്ട് അര്‍ദ്ധരാത്രി വരെയുള്ള സംവാദങ്ങള്‍ തര്‍ക്കങ്ങള്‍… കൂടുതലും പ്രേതവും ഭൂതവും Kirlian Photography ഉം വാനനീരീക്ഷണവും ഒക്കെ ആണ് വിഷയങ്ങള്‍. മനോഹരമായ ദിവസങ്ങള്‍.

ആ സമയത്താണ്എന്റെ വീട്ടില്‍ ബ്ലോക്ക്‌ ഓഫീസിറായ ബാബു സാറും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. സാറിന്റെ ഭാര്യയുടെ പേരില്‍ ഒരു ട്രാവല്‍ ഏജന്‍സി ഉണ്ട്. ഓച്ചിറ അമ്പലത്തിനു അടുത്തായിട്ടു. അവിടെ നിന്നിരുന്ന ആളിന് ഒരു വിസ കിട്ടി കുവൈറ്റിലേക്ക് പോയെന്നും പകരം ഒരാളെ നോക്കുന്നുണ്ടെന്നും ആളെ കിട്ടുന്നിടം വരെ ഞാന്‍ അവിടെ പോയി ഇരിക്കണം എന്നും സാറ് അമ്മയോട് പറഞ്ഞു. അമ്മ എന്നോട് പറഞ്ഞു:

“ഡാ നീ അവിടെ പോയി ഒന്ന് ഇരുന്നാല്‍ മാത്രം മതി… പുസ്തകം ഒക്കെ നിനക്ക് അവിടെ പോയിരുന്നും വായിക്കാമല്ലോ?”

“ആളെ കിട്ടുന്നിടം വരെ അവരത് പൂട്ടിയിടട്ടെ… എനിക്കെങ്ങും വയ്യ അവിടെ പോയിരിക്കാന്‍… എനിക്ക് ക്രിക്കറ്റ്‌ കളിക്കാന്‍ പോണം.. സ്കൂള്‍ തുറന്നാലും സമ്മതിക്കില്ലലോ”

“ഇപ്പൊ അവര്‍ക്ക് പുതിയ വിസ ഒക്കെ വന്നിട്ടുണ്ടെന്ന്… അത്കൊണ്ട് പൂട്ടിയിടാന്‍ പറ്റില്ലെന്ന്… ഒരാഴ്ചലത്തെ കാര്യമേ ഉള്ളൂ… വൈകിട്ട് അഞ്ചുമണിക്ക് വന്നിട്ട് നിനക്ക് ക്രിക്കറ്റ്‌ കളിക്കാന്‍ പോയികൂടെ?”

അമ്മ വിടുന്ന ലക്ഷണം ഇല്ലാ… പറഞ്ഞു പറഞ്ഞു ഒടുവില്‍ സമ്മതിച്ചു… ബാബു സാറിന്റെ കൂടെ നാളെ രാവിലെ ഒമ്പത്മണിക്ക് പോകണം. രാവിലെ കുളിച്ചു റെഡി ആയിട്ട് സാറിന്റെ കൂടെ പോയീ.

ഓച്ചിറയില്‍ പഴയ വിദേശമദ്യഷാപ്പിന്റെ അടിത്താണു പ്രദീഷ് ട്രാവെല്‍സ്. എന്‍ എച്ച് 47 ന്റെ സൈഡില്‍ തന്നെ ആണ് ബാബു സാറിന്റെ ട്രാവെല്‍സ്. അടുത്തായിട്ടു ഒരു സ്റ്റുഡിയോ ഒരു വീഡിയോ കാസെറ്റ് കട പിന്നെ എതിരെ ഒരു തടി മില്ലും ഉണ്ട്. സാര്‍ ഒരു താക്കോല്‍ കൂട്ടം എന്റെ കയ്യില്‍ തന്നിട്ട് പറഞ്ഞു തുറന്നു നോക്കാന്‍. ഇടതും വലതും പിന്നെ നടുവിലും മൂന്നു പൂട്ടുള്ള ഷട്ടര്‍ ഞാന്‍ തുറന്നു. അകത്തു ഒരു ഗ്ലാസ്‌ ഡോര്‍. അതും തുറന്നു ഓഫീസില്‍ കയറി. മൂന്നു മേശയും കസേരെയും ഉണ്ട്. ചുമരുകളില്‍ എല്ലാം വിമാനത്തിന്റെയും മറ്റു രാജ്യങ്ങളുടെയും ചിത്രങ്ങള്‍. മേശപുറത്ത്‌ ഗ്ലാസ്‌ ഇട്ടു അതില്‍ പല പല രാജ്യത്തെ സ്റ്റാമ്പ്‌കളും നോട്ടുകളും വച്ചിട്ടുണ്.

രാവിലെ തൊട്ടു വൈകുന്നേരം വരെ എന്തൊക്കെ ആണ് ചെയ്യേണ്ടത് എന്ന് ബാബു സര്‍ പറഞ്ഞു തന്നു. ഒമ്പത് മണിക്ക് കടതുറക്കണം. പിന്നെ കടയുടെ അകത്തും പുറത്തും തൂക്കണം. കടയുടെ പുറകില്‍ ഒരു പൂന്തോട്ടവും ഒരു കിണറും ഉണ്ട്. കിണറ്റില്‍ നിന്നും വെള്ളം കോരി ഒരു മൊന്തയില്‍ ഒഴിച്ചിട്ടു അതില്‍ കുറച്ചു തെറ്റിപൂവും ഇട്ടു പൂജ മുറിയില്‍ കൊണ്ട് വെക്കണം. പിന്നെ തിരി കത്തിക്കണം. പതിനഞ്ചു മിനിറ്റ് കൊണ്ട് രാവിലത്തെ പണി കഴിയും. കടയുടെ മുറ്റം തൂക്കുമ്പോള്‍ മാത്രം കുറച്ചു സമയം എടുത്താണ് തൂക്കുന്നത്. ആളും ബസ്സും വരാത്ത സമയം നോക്കി ചെയ്യണം. പരിച്ചയകാര്‍ ആരെങ്കിലും കണ്ടാലോ… നമ്മുടെ നാട്ടിലെ പിള്ളേരൊക്കെ ടുഷനും മറ്റും വരുന്നത് ഓച്ചിറയില്‍ ആണ്.

മനോരമ, മാതൃഭൂമി, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ എന്നീ മൂന്നു പത്രങ്ങള്‍ ഉണ്ട്. അത് മൂന്നും രണ്ടു മണിക്കൂര്‍കൊണ്ട്‌ വായിച്ചു തീര്‍ക്കും. പിന്നെ വല്ലപ്പോഴും വല്ല ഫോണ്‍ വന്നാല്‍ അത് എടുത്തിട്ട് കാര്യം ചോദിക്കണം. വിളിച്ച ആളിന്റെ പേരും വിവരവും വിളിച്ച കാര്യവും അവിടെ എഴുതി വെക്കണം. പുതിയതായിട്ട് കിട്ടിയ വിസയുടെ വിവരങ്ങളും പറഞ്ഞു തന്നു. പത്രങ്ങളിലും മറ്റും പരസ്യം കൊടുത്തിട്ടുണ്ട്‌, അതുകൊണ്ട് ആളുകള്‍ വിളിച്ചുകൊണ്ടിരിക്കും. പിന്നെ പാസ്പോര്‍ട്ട് പുതുക്കാന്‍ ആരെങ്കിലും വന്നാല്‍ ഫോമില്‍ അവരെ കൊണ്ട് ഒപ്പിടിപ്പിച്ചു വേണ്ട ഡോകുമെന്റ്സ് ഒക്കെ വാങ്ങി വെക്കണം. ഇതൊക്കെ തന്നെ പ്രധാന പണികള്‍.

കാസെറ്റ് കടയില്‍ നിന്നും ഇടയ്ക്കു നല്ല പാട്ടുകള്‍ ഒഴുകിയെത്തും… പാട്ട് മനസിലാക്കി വരുമ്പോളേക്കും എതിരെയുള്ള ഈര്‍ച്ചമില്ലിലെ വൃത്തികെട്ട ശബ്ദം ആ പാട്ട് നശിപ്പിച്ചുകളയും. ഈര്‍ച്ചമില്ലിലെ മുതലാളി എപ്പോളും ഒരു വെള്ള മുണ്ടും ഷര്‍ട്ടും ഇട്ടു ഒരു ബുള്ളറ്റില്‍ വരുന്നത് കാണാം. സിനിമകളില്‍ കാണുന്ന റൌഡികളെ പോലെ കറുത്ത ശരീരവും ആരോഗ്യവും ഉള്ള കുറെ പണിക്കാര്‍. ബീഡിവലിച്ചും മുറുക്കാന്‍ മുറുക്കിയും സമയം കളയുന്ന പണിക്കാര്‍ മുതലാളിയുടെ ബുള്ളറ്റിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഓടിപോയി പണിയെടുക്കുന്നത് കാണാം.

ചൊവ്വാഴ്ച ദിവസം രാവിലെ ബാബു സാര്‍ ഒരു പൊതി ചില്ലറ പൈസ തന്നിട്ടാണ് പോയത്. മൊത്തം ഇരുപത്തഞ്ചു പൈസ തുട്ടു. ഓച്ചിറ അമ്പലത്തിലെ ഭിക്ഷക്കാര്‍ വരും അവര്‍ക്ക് കൊടുക്കാന്‍ ആണ്. ചൊവ്വഴ്ച പെട്ടെന്ന് പോയി കിട്ടും. വൈകുംന്നേരം വരെ തിരക്കാരിക്കും. ബാക്കിയുള്ള ദിവസങ്ങള്‍ അറുബോര്‍ ആണ്. ലൈബ്രറിയില്‍ നിന്നും കൊണ്ട് വന്ന പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍ പിന്നെ ടെലിഫോണ്‍ ഡയറക്ടറി എടുത്തു വായിച്ചു തുടങ്ങി. ഗൃഹനാഥന്റെ പേരും മേല്‍വിലാസവും വച്ച് ഓരോ ആളുടെ മുഖം എന്റെ മനസ്സില്‍ ഞാന്‍ തന്നെ ഡിസൈന്‍ ചെയ്യും. വെറുതെ സമയം പോകണ്ടേ… ഒരിക്കല്‍ ഇത് കണ്ടിട്ട് ബാബു സാര്‍ എന്നെ വിളിച്ചുകൊണ്ടുപോയി ഓച്ചിറ പബ്ലിക്‌ ലൈബ്രറിയില്‍ ഒരു മെംബെര്‍ഷിപ്‌ എടുതുതന്നു. അത് ഒരു വല്യ ആശ്വാസമായി.

ഇടയ്ക്കു അമ്മയും ശൈലജ ആന്റിയും (ബാബു സാറിന്റെ ഭാര്യ) ഓച്ചിറയില്‍ വരുമ്പോള്‍ കടയില്‍ വന്നു കുറച്ചു നേരെം ഇരുന്നിട്ട് പോകും. വൈകുംന്നേരം അഞ്ചുമണിക്ക് കടയടച്ചിട്ടു സൈക്കിളില്‍ ഫുള്‍ സ്പീഡില്‍ ചവിട്ടി എത്തിയാലും ക്രിക്കറ്റ്‌ കളി കഴിഞ്ഞിടുണ്ടാകും. നിരാശയും ദേഷ്യവും ബാക്കി. സന്തോഷും അനീഷും ആയിട്ടുള്ള രാത്രിയിലെ ചര്‍ച്ചകളും ഇപ്പോള്‍ നിര്‍ത്തി വച്ചിരിക്കുവാന്.. രാവിലെ എന്നീറ്റ് പോകണ്ടേ.. ഇതിലും നല്ലത് സ്കൂളില്‍ പോകുന്നത് തന്നെ ആരുന്നു.

ഒരു ദിവസം ഉച്ച സമയം. ഞാന്‍ പുസ്തകം വായിച്ചിരിക്കുന്ന നേരത്ത്, കടയുടെ വെളിയില്‍ ഒരു വല്യ വഴക്കും ബഹളവും. ഞാന്‍ മെല്ലെ വാതില്‍ തുറന്നു നോക്കിയപ്പോള്‍ രണ്ടു പേര്‍ കള്ളുകുടിച്ചിട്ട് ഭയങ്കര ബഹളം. പിടിച്ചു തള്ളുന്നു ഉന്തുന്നു… എനിക്കാകെ പേടി ആയി. ഒരുത്തന്റെ കയ്യില്‍ ഒരു വല്യ പാറകല്ലും ഉണ്ട്. കടയുടെ ഗ്ലാസില്‍ എങ്ങാനം എറിഞ്ഞു പൊട്ടിക്കുമോ… കടയില്‍ ആയുധം ഒന്നുമില്ല. മൂന്നു പേപ്പര്‍വെയിറ്റ് ഉണ്ട്. ഗ്ലാസ്സിന്റെയാണ്… നല്ല ഭാരമുള്ളതാ.. ഒന്നെടുത്തു കയ്യില്‍ കരുതി. അകതോട്ടു കേറി വന്നാല്‍ നല്ല ഒരു ഏറു വച്ച് കൊടുക്കാം.. കടയുടെ പുറത്തു ആളും ബഹളവും കൂടി കൂടി വന്നു… ഞാന്‍ നിന്ന് പരുങ്ങുന്നത് കണ്ടിട്ടാകണം ഈര്‍ച്ചമില്ലിലെ ചേട്ടന്മാര്‍ വന്നു വഴക്കിട്ടവരെ ഓടിച്ചു വിട്ടു.

അങ്ങനെ ഒരു മാസം കടന്നു പോയീ… ഇതിനിടയില്‍ മൂന്നു ആള്‍ക്കാര്‍ കുവൈറ്റില്‍ പോയീ… പുതിയ വിസകള്‍ വീണ്ടും വന്നു… ഒരു ദിവസം രാവിലെ ബാബു സാര്‍ കടയില്‍ വന്നു. രാവിലത്തെ എന്റെ പണികള്‍ ഒക്കെ കഴിഞ്ഞിട്ട് പത്രവായന നടക്കുന്ന സമയം. സാര്‍ പൂജമുറിയില്‍ പോയി അവിടെ വച്ചിട്ടുള്ള പടങ്ങളില്‍ ഒന്ന് തൊട്ടു തൊഴുതിട്ടു കസേരയില്‍ ഇരുന്നു…എന്നോട് കുശലാന്വേഷണം ഒക്കെ ചോദിച്ചിട്ട് എന്നെ വിളിച്ചിട്ട് സാറിന്റെ മുന്നിലുള്ള കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ ഇരുന്നു.

സാര്‍ ബാഗ്‌ തുറന്നു ഒരു ചെറിയ കവര്‍ എടുത്തിട്ട് എനിക്ക് തന്നിട്ട് പറഞ്ഞു…

“ജീവിതത്തില്‍ വലിയ വലിയ പടികള്‍ കയറാന്‍ നിനക്ക് യോഗമുണ്ടാകട്ടെ… എന്നും സത്യസന്ധതയോടും ആത്മാര്‍ത്ഥയോടും ജീവിക്കുക… നിന്റെ ജീവിതത്തിലെ ആദ്യത്തെ ശമ്പളം ആണ് ഇത്”

അതില്‍ വലിയ അക്ഷരത്തില്‍ “സജിത്ത് രാജന്‍” എന്ന് എഴുതിയിരിക്കുന്നു. ഞാന്‍ ആദ്യം വേണ്ടാ എന്ന് പറഞ്ഞു…ബാബു സാര്‍ ആ കവര്‍ എന്റെ കയ്യില്‍ വച്ച് തന്നിട്ട് തുറന്നു നോക്കാന്‍ പറഞ്ഞു. ഞാന്‍ മടിയോടെ തുറന്നു നോക്കി… നൂറിന്റെ അഞ്ചുനോട്ടുകള്‍… അന്ന് പത്തുരൂപ ഉണ്ടെങ്കില്‍ ഒരാഴ്ച കുശാലാണ്. ലോട്ടറി അടിച്ചതു പോലെ ആയി പോയീ… ഇങ്ങനെ പൈസ വാങ്ങിയാല്‍ അമ്മ വഴക്ക് പറയുമോന്നു പേടി വേറെ… എന്തായാലും വാങ്ങിക്കാം.. അമ്മ വഴക്ക് പറഞ്ഞാല്‍ വൈകിട്ട് തിരിച്ചു കൊടുക്കാം… തിരിച്ചു വാങ്ങിയില്ലെങ്കില്‍ വാടകവകയില്‍ അഞ്ഞൂറുരൂപ കുറച്ചു വാങ്ങിയാല്‍ മതിയല്ലോ?

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ചേട്ടന്‍ വന്നു… നാളെ തൊട്ടു പുള്ളിയാണ് ഇവിടെ ഇരിക്കാന്‍ പോകുന്നത്… അപ്പൊ എനിക്ക് റിലീസ്കിട്ടി… വല്ലാത്ത സന്തോഷം. വൈകിട്ട് പൈസ അമ്മയെ കൊണ്ട് ഏല്പിച്ചു. അമ്മ ബാബു സാറിനെ പോയികണ്ടിട്ട് എന്തിനാ പൈസ കൊടുത്തത് എന്ന് ചോദിച്ചപ്പോള്‍ അത് അവന്‍ ചെയ്ത പണിയുടെ ശമ്പളം ആണെന്ന് പറഞ്ഞു. രാത്രിയില്‍ കിടന്നിട്ടു ഉറക്കം വന്നില്ലാ… അഞ്ഞൂറിന്റെ നോട്ടുകളാണ് ചുറ്റും.. അത് മാത്രമല്ല അമ്മ പറഞ്ഞു നാളെ ഒരു പ്രധാനപെട്ട സ്ഥലം വരെ പോകണമെന്ന്… എവിടാരിക്കും?

രാവിലെ തന്നെ റെഡി ആയിട്ട് നിന്ന്… അമ്മ എന്നെ കയ്യോടെ പിടിച്ചു കൊവില്തോട്ടം ട്രിനിടി സ്റ്റഡി സെന്റെറില്‍ വെകേഷന്‍ ക്ലാസിനു കൊണ്ട് വിട്ടു… ജ്യോതിസ് സാറിന്റെ മുന്നില്‍… എന്നാലും ഇത് വല്ലാത്ത ഒരു ചെയ്തായി പോയീ… ഒറ്റാലില്‍ നിന്നും ചാടി മീന്‍കോട്ടയില്‍ വീണത്‌ പോലെ.

ഇതിനു ശേഷം എനിക്ക് എപ്പോ എന്താവശ്യം വന്നാലും ആ അഞ്ഞൂറുരൂപാടെ കണക്കു പറഞ്ഞു ഞാന്‍ അമ്മയോട് ഉടക്കും… ആദ്യത്തെ ശമ്പളത്തിന്റെ കഥ എല്ലാര്‍ക്കും പറയാനുണ്ടാകും… എന്നാല്‍ ഇത് പോലുള്ള ചെറിയ ചെറിയ നോട്ടുകളുടെ കഥ കുറച്ചുപേര്‍ക്ക് മാത്രം സ്വന്തമാണ്….

Related Articles

Back to top button