സ്കൂൾ നാടകവേദിയിലെ വർത്തമാനങ്ങൾ
ശിവദാസ് പൊയിൽക്കാവ്
May 10,2024
കുട്ടികളുടെ നാടകവേദിയിൽ കേരളത്തിൽ ഏറ്റവും സജീവമായി നിൽക്കുന്ന ഒരിടമാണ് സ്കൂൾ നാടകവേദി.സ്കൂൾ തലം തൊട്ട് സംസ്ഥാനതലം വരെയുള്ള നാടകങ്ങളെ പരിശോധിച്ചാൽ ഒരു വർഷത്തിൽ അത് ഏകദേശം പതിനായിരത്തോളം വരും. കുട്ടികൾക്ക് വേണ്ടി കുട്ടികളാൽ മുതിർന്നവൻ ചെയ്യുന്ന നാടകം എന്ന് സ്കൂൾ നാടകവേദിയെ നിർവ്വചിക്കാം. അതുകൊണ്ടുതന്നെ അഭിനയിക്കുന്ന കുട്ടികളെപ്പോലെത്തന്നെ മുതിർന്നവരായ രചയിതാക്കളും സംവിധായകരും സൂക്ഷ്മമായി വിലയിരുത്തപ്പെടേണ്ടതുണ്ട്.
കുട്ടികളുടെ നാടക റിഹേഴ്സൽ ക്യാമ്പിൽ അടുപ്പിക്കാൻ പറ്റാത്ത ഒരു വിഭാഗമുണ്ട്.അത് നാടകം അച്ചിട്ട് ചുട്ടെടുക്കുന്നവരാണ്. നാടകം കുട്ടികളുടേതാകണ
മെങ്കിൽ അതിന്റെ വിവിധ ഘട്ടങ്ങളിലൂടെ അവർ അനുഭവിച്ച് കടന്നുപോകണം. വിത്തിടുന്നതും, പൊടിക്കുന്നതും, തളിർക്കുന്നതും പൂക്കുന്നതും കായ്ക്കുന്നതും ഒക്കെ കുട്ടികൾ അനുഭവിക്കണം. പക്ഷേ ഈ പാചകത്തൊഴിലാളികൾ എഴുതിത്തയ്യാറാക്കിയ ഒരു സ്ക്രിപ്റ്റുമായെത്തുന്നു. കടുകിട വ്യത്യാസമില്ലാതെ ഡയലോഗുകളിലൂടെ ഒരു സഞ്ചാരം.ആദ്യഘട്ടത്തിൽ തന്നെ കുട്ടികൾ നെറ്റി ചുളിക്കാൻ തുടങ്ങുന്നു. പിന്നെ റിഹേഴ്സൽ സമയത്തെ താണ്ഡവത്തെ ന്യായീകരിക്കാനേ കഴിയില്ല. കഥാപാത്ര ഭാഷണത്തെയും ഭാവത്തേയും വിസ്തരിച്ച് കാണിക്കുന്നു. ഓരോ ഡയലോഗും മുഖാഭിനയത്തിൽ കുട്ടിക്കുഴച്ച് ചാടിയും വെട്ടിയും ആക്രോശിച്ചും ഒരു പെരും പ്രകടനം. ചില സംവിധായകർ കുട്ടികളെ പിന്നാലെ നടത്തിച്ച് അഭിനയം പഠിപ്പിക്കാറുണ്ടത്ര ! കഥാപാത്രങ്ങൾ രംഗസഞ്ചാരം നടത്തുമ്പോഴുള്ള കാൽ ചലനത്തിന്റെ എണ്ണം പോലും തിട്ടപ്പെടുത്തിക്കൊടുക്കുമത്രേ!
കുട്ടികളുടെ നാടകത്തിനുള്ള വിഷയങ്ങൾ സ്വീകരിക്കുന്നതിലും ജാഗ്രത കാണിക്കേണ്ടതുണ്ട്. കുട്ടികൾ ഇഷ്ടപ്പെടുന്ന അവരുടെ ഭാവനയെ അഭിസംബോധന ചെയ്യുന്ന പ്രമേ യങ്ങളായിരിക്കണം നാടകത്തിന് വേണ്ടത്.ജാതീയതക്കെതിരെ എന്ന് പറഞ്ഞ് നാടകം ചെയ്ത് കുട്ടികളിലില്ലാത്ത ജാതിയത ഉണ്ടാക്കിയെടുക്കരുത് .സ്കൂൾ ബഞ്ചുകളിൽ ഈ കാലത്ത് ജാതി വിവേചനത്തിന് കുട്ടികൾ കാരണമാവുന്നുവെങ്കിൽ, കുട്ടികൾ അനുഭവിക്കുന്നുവെങ്കിൽ നാടകത്തിന് പ്രസക്തിയുണ്ട്. അപ്പോൾ സദസിലിരിക്കുന്ന ഒരു ദളിത് കുട്ടി ഉറക്കെ കൈയടിക്കും. നേരെ മറിച്ചാണെങ്കിൽ അസ്വസ്ഥമായ മനസുമായി കുട്ടി സദസിറങ്ങിപ്പോവും എന്നോർക്കണം. മുതിർന്നവർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് ഉത്തരം പറയേണ്ടതും പരിഹാരം ഉണ്ടാക്കേണ്ടതും കുട്ടിയല്ല എന്നോർക്കണം. കുട്ടികളുടെ നാടകം മുതിർന്നവർക്കിടയിൽ കലാപം ഉണ്ടാക്കുന്നു എങ്കിൽ അത് കുട്ടികളുടേതല്ല എന്നോർക്കണം. കുട്ടികൾ ഏറ്റെടുക്കുന്നതും ചർച്ച ചെയ്യുന്നതുമാണ് അവരുടെ നാടകങ്ങൾ
ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ നാടകോൽസവം കാണാനാണ് മലയാളികളായ നാടകാസ്വാദകർ ഓരോ വർഷവും നാടകവേദിയിലേക്ക്
ഓടിയെത്തുന്നത്. അതിൽ ആസ്വാദകരായി കുട്ടികളേക്കാൾ കൂടുതലായി നമ്മൾ കാണുന്നത് മുതിർന്നവരെയാണ്. എന്താ യിരിക്കും അതിന്റെ മനഃശാസ്ത്രം. കുട്ടികൾ അരങ്ങിൽ ആടിത്തിമിർക്കുന്നത് കണ്ടാസ്വദിക്കാൻ വേണ്ടി മാത്രമാണോ? അല്ല, തന്റെ ഉള്ളിലെ കുട്ടിയെ പുറത്തെടുത്ത് താലോലിക്കാനുള്ള അസുലഭമായ ഒരവസരം തേടി കൂടിയാണത്. നാടകത്തെ നമുക്ക് 3 എന്ന് പറയാമല്ലോ. അതായത് Author Actor Audience. ഇത് മൂന്നും ചേരുമ്പോഴാണല്ലോ നാടകം എന്ന കലാരൂപം പൂർണ്ണമാവുന്നത്. കുട്ടികളുടെ നാടകത്തിൽ ഈ മൂന്നാം വിഭാഗത്തിന് വളരെ വലിയ പ്രാധാന്യമാണുള്ളത്. അരങ്ങിൽ കളിക്കുന്ന കുട്ടികളുടെ പ്രായത്തിലേക്ക്, ഇഷ്ടങ്ങളിലേക്ക്, ചിന്തകളിലേക്ക് പരകായ പ്രവേശം നടത്താൻ കഴിയുന്ന കാണികളാണ് യഥാർത്ഥത്തിൽ നാടകക്കൊട്ടകയുടെ സമ്പത്ത്. സംസ്ഥാന സ്കൂൾ കലോൽത്സവത്തിൽ നമ്മൾ കാണുന്നത് രണ്ടു വിഭാഗം മലയാള നാടകങ്ങളാണ്. ഹൈസ്കൂൾ വിഭാഗവും ഹയർസെക്കന്ററി വിഭാഗവും. ഹൈസ്കൂൾ എന്ന് പറയുന്നത് ഓർക്കണം- ഏഴാം തരം എന്ന കൊച്ചുലോകം കഴിഞ്ഞ് എട്ടിലേക്ക് കയറി പത്തുവരെയുള്ള കുട്ടികൾ. കുട്ടികാലം വിട്ടുമാറാത്തവർ. ഹയർ സെക്കന്ററി കുട്ടികളാവട്ടെ കുട്ടിയിൽ നിന്നിറങ്ങിയെങ്കിലും വലുതായങ്ങെത്തിയില്ല എന്ന അവസ്ഥാവിശേഷത്തിലാണ്. രണ്ടിനുമിടയിലെ പ്രത്യേക അവസ്ഥയിൽ. നമ്മളവരെ മുതിർന്ന കുട്ടികൾ എന്ന് പേർ ചൊല്ലി വിളിക്കും.അതുകൊണ്ടാണല്ലോ കോളേജിൽ നിന്നിറക്കിക്കൊണ്ടുവന്ന് സ്കൂളുകളിൽ നിർത്തിയത്.
കാണികളിൽ രണ്ടാമതൊരു വിഭാഗം ഒരു തരം സാഡിസ്റ്റുകളാണ്. പാവം തുമ്പിക ളെകൊണ്ട് കല്ലെടുപ്പിക്കുന്നത് കണ്ട് ആനന്ദി ക്കുന്നവർ. മുതിർന്നവരുടെ കൈയടി കിട്ടാൻ തന്ത്രപരമായി എഴുത്തുകാരനും സംവിധായകനും ഛർദ്ദിപ്പിക്കുന്ന ഡയലോഗുകൾ അവർ ഏറ്റെടുത്തോളും. ഉശിരൻ കൈയടികൾ കൊടുക്കും. അതുകണ്ട് യഥാർത്ഥ കുട്ടികൾ കാണികൾക്കിടയിൽ നിന്ന് ഇതെന്റെ രാജ്യമല്ല എന്നുപറഞ്ഞ് ഇറങ്ങിപ്പോവും. മൂന്നാമതൊരു വിഭാഗം കാണികൾ ഇതിനു രണ്ടിനുമിടയിൽ ഏതാണ് ശരി തെറ്റ് എന്നറിയാതെ നട്ടം തിരിയുന്നവരാണ്. അവർക്ക് ഒരു നിലപാടും ഇല്ല എന്ന് അവരുപോലും തിരിച്ചറിയില്ല. നാലാമതൊരു വിഭാഗം ഇക്കാണുന്നതൊന്നും കുട്ടികളുടെ നാകടമേയല്ല എന്ന് പറഞ്ഞ് പുച്ഛം കണ്ണിൽ പേറി നടക്കുന്നവരാണ്. ശരിക്കും കുട്ടികൾക്ക് കിട്ടുന്ന പ്രിയപ്പെട്ട കാണികൾ മേൽപ്പറഞ്ഞ ഒന്നാം വിഭാഗക്കാരും പിന്നെ കുട്ടികളും തന്നെയാണ്.
